സൈനിക വാഹനങ്ങൾ ഇനി ‘മെയ്ഡ് ഇൻ കേരള’യും; 150 ട്രക്കുകൾ നിർമ്മിക്കാൻ പാലക്കാട് ബെമലിന് ഓർഡർ

കഞ്ചിക്കോട്: ഇന്ത്യൻ സൈന്യത്തിന് തദ്ദേശീയമായി നിർമ്മിച്ച അതിസുരക്ഷാ വാഹനങ്ങൾ നൽകുന്നതിൽ കേരളത്തിനും നിർണായക പങ്ക്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബെമലിന്റെ (BEML) പാലക്കാട് യൂണിറ്റിന് 150 ഹൈ മൊബിലിറ്റി വാഹനങ്ങൾ (HMV) നിർമ്മിച്ചു നൽകാൻ ₹293.81 കോടി രൂപയുടെ ഓർഡർ ലഭിച്ചു. ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് വലിയ പ്രോത്സാഹനം നൽകുന്ന ഈ നീക്കത്തിലൂടെ കേരളം പ്രതിരോധ വാഹന നിർമ്മാണ രംഗത്ത് തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുകയാണ്.

ആറ് ചക്രങ്ങളുള്ള ഈ പ്രത്യേക വാഹനങ്ങൾ (6×6 HMVs) പൂർണ്ണമായും തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ബെമലിന്റെ പാലക്കാട്ടെയും മൈസൂരുവിലെയും പ്ലാന്റുകളിലായാണ് നിർമ്മിക്കുക. പർവതപ്രദേശങ്ങൾ, മരുഭൂമികൾ, കനത്ത മഞ്ഞുവീഴ്ചയുള്ള ഇടങ്ങൾ എന്നിങ്ങനെ ഏത് ദുർഘടമായ സാഹചര്യത്തിലും സൈനികർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ സാധിക്കുന്ന രീതിയിലാണ് ഈ വാഹനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഉയർന്ന പവറുള്ള എയർ കൂൾഡ് എഞ്ചിൻ, ഹൈ സസ്പെൻഷൻ, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), സെൻട്രൽ ടയർ ഇൻഫ്ലേഷൻ സിസ്റ്റം (ടയറിലെ വായു വാഹനത്തിനുള്ളിൽ നിന്ന് നിയന്ത്രിക്കാനുള്ള സംവിധാനം) എന്നിവ ഈ വാഹനങ്ങളുടെ പ്രധാന സവിശേഷതകളാണ്. സൈനികരെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്നതിനും, ആയുധങ്ങളും മറ്റ് അവശ്യസാധനങ്ങളും കൊണ്ടുപോകുന്നതിനും ഈ വാഹനങ്ങൾ ഉപയോഗിക്കും.

1964-ൽ സ്ഥാപിതമായ ബെമൽ, ഇന്ത്യൻ സൈന്യത്തിന് ആവശ്യമായ വാഹനങ്ങൾ, റോക്കറ്റ് ലോഞ്ചറുകൾ, നിർമ്മാണ ഖനന പ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾ, റെയിൽ, മെട്രോ കോച്ചുകൾ എന്നിവ നിർമ്മിക്കുന്നതിൽ മുൻപന്തിയിലുള്ള മിനി നവരത്ന കമ്പനിയാണ്. കാർഗിൽ യുദ്ധവിജയത്തിൽ ബെമൽ നിർമ്മിച്ച ട്രക്കുകൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading