
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ (PSC) പരീക്ഷകളുടെ സമയത്തിൽ മാറ്റം വരുത്തി. സെപ്റ്റംബർ 1 മുതൽ സ്കൂൾ പ്രവൃത്തി ദിനങ്ങളിൽ നടക്കുന്ന പിഎസ്സി പരീക്ഷകൾ രാവിലെ 7 മണിക്ക് ആരംഭിക്കും. സ്കൂൾ സമയങ്ങളിൽ വന്ന മാറ്റങ്ങളെ തുടർന്നാണ് ഈ തീരുമാനം. നിലവിൽ രാവിലെ 7:15-നാണ് പരീക്ഷകൾ ആരംഭിച്ചിരുന്നത്.
പുതിയ സമയക്രമം ഉദ്യോഗാർത്ഥികൾക്ക്, പ്രത്യേകിച്ച് ദൂര സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ഓരോ മാസവും ശരാശരി 10 മുതൽ 15 വരെ പിഎസ്സി പരീക്ഷകൾ രാവിലെ നടത്താറുണ്ട്. എന്നാൽ, എല്ലാ താലൂക്കുകളിലും പരീക്ഷാ കേന്ദ്രങ്ങളില്ലാത്തതിനാൽ വിദൂര സ്ഥലങ്ങളിൽ പരീക്ഷാ കേന്ദ്രം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇത് വലിയ വെല്ലുവിളിയാകും. സമയത്ത് എത്താൻ തലേദിവസം യാത്ര ചെയ്ത് അടുത്തുള്ള താമസ സൗകര്യങ്ങൾ കണ്ടെത്തേണ്ടി വരും. പലപ്പോഴും പരീക്ഷാ കേന്ദ്രങ്ങൾക്ക് സമീപം താമസ സൗകര്യങ്ങൾ ലഭ്യമല്ലാത്തതും വെല്ലുവിളിയാണ്. ഉൾപ്രദേശങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് രാവിലെ ബസ് സർവീസുകൾ ലഭ്യമല്ലാത്തതും യാത്രാക്ലേശം വർധിപ്പിക്കും.
ഒരു മിനിറ്റ് വൈകിയാൽ പോലും പരീക്ഷാ ഹാളിൽ പ്രവേശനം അനുവദിക്കില്ലെന്ന പിഎസ്സിയുടെ കർശന നിലപാടും ഉദ്യോഗാർത്ഥികളെ ആശങ്കയിലാക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ, ഉദ്യോഗാർത്ഥികൾ ഹോളിഡേകളിൽ കൂടുതൽ പരീക്ഷകൾ നടത്തുക, ഓൺലൈൻ പരീക്ഷകൾ വിപുലീകരിക്കുക, അല്ലെങ്കിൽ ഞായറാഴ്ചകളിൽ പരീക്ഷകൾ ക്രമീകരിക്കുക തുടങ്ങിയ ബദൽ മാർഗങ്ങൾ ആവശ്യപ്പെടുന്നുണ്ട്.