
അഹമ്മദാബാദ്: ജൂൺ 12-നുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട എട്ടുമാസം പ്രായമുള്ള ധ്യാൻഷ് എന്ന കുഞ്ഞിന്റെ അതിജീവന കഥ ഹൃദയം കവരുന്നു. വിമാനം തകർന്നു വീഴുമ്പോഴുണ്ടായ തീജ്വാലകളിൽ നിന്ന് സ്വന്തം ശരീരം കൊണ്ട് മകനെ പൊതിഞ്ഞുപിടിച്ച അമ്മ മനീഷ കച്ചാഡിയ, പിന്നീട് മകന്റെ ചികിത്സയ്ക്കായി സ്വന്തം ത്വക്കും ദാനം ചെയ്തു. അഞ്ചാഴ്ചത്തെ തീവ്രപരിചരണത്തിനൊടുവിൽ അമ്മയും കുഞ്ഞും ആശുപത്രി വിട്ടു.
ജൂൺ 12-ന് 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യയുടെ IC171 വിമാനം അഹമ്മദാബാദിലെ ബി.ജെ മെഡിക്കൽ കോളേജിന്റെ റെസിഡൻഷ്യൽ ക്വാർട്ടേഴ്സിലേക്ക് തകർന്നു വീഴുകയായിരുന്നു. ആ സമയത്ത്, തീയും പുകയും മുറിയിൽ നിറഞ്ഞപ്പോഴും ഒരു അമ്മയുടെ സഹജവാസനയോടെ മനീഷ തൻ്റെ കുഞ്ഞിനെ സംരക്ഷിക്കുകയായിരുന്നു. അപകടത്തിൽ മനീഷയുടെ മുഖത്തും കൈകളിലും 25% പൊള്ളലേറ്റപ്പോൾ, ധ്യാൻഷിന്റെ മുഖത്തും കൈകളിലും നെഞ്ചിലുമായി 36% പൊള്ളലേറ്റു.
ഉടൻ തന്നെ ഇരുവരെയും കെഡി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ധ്യാൻഷിനെ പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ചികിത്സിച്ചത്. പ്രായം കുറവായതിനാൽ കുട്ടിയുടെ ചികിത്സ സങ്കീർണ്ണമായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. ചികിത്സയുടെ നിർണായക ഘട്ടത്തിൽ, മുറിവുകൾ ഉണങ്ങുന്നതിനായി സ്കിൻ ഗ്രാഫ്റ്റിംഗ് ആവശ്യമായി വന്നപ്പോൾ, അമ്മ മനീഷ വീണ്ടും മകന് കവചമായി സ്വന്തം ത്വക്ക് ദാനം ചെയ്തു.
“ഒരു നിമിഷം ഞങ്ങൾ രക്ഷപ്പെടില്ലെന്ന് തോന്നി. പക്ഷേ എൻ്റെ കുഞ്ഞിന് വേണ്ടി എനിക്കത് ചെയ്യണമായിരുന്നു,” മനീഷ പറഞ്ഞു. കുട്ടിയുടെ അച്ഛനും അതേ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയുമായ ഡോ. കപിൽ കച്ചാഡിയയുടെ പരിചരണവും കുട്ടിയുടെ രോഗമുക്തിയിൽ നിർണായക പങ്ക് വഹിച്ചുവെന്ന് പ്ലാസ്റ്റിക് സർജനായ ഡോ. രുത്വിജ് പരീഖ് പറഞ്ഞു