കണ്ണൂർ: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സെല്ലിന്റെ കമ്പികൾ അറുത്ത് പുറത്തിറങ്ങാനും മതിൽ ചാടിക്കടക്കാനും മൂന്ന് മണിക്കൂറോളം സമയമെടുത്തുവെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. അതിസൂക്ഷ്മമായ ആസൂത്രണത്തിലൂടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയതെന്നാണ് സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളും സൂചിപ്പിക്കുന്നത്.
പുലർച്ചെ 1.15 ഓടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം, ആദ്യം ഒരു തുണി പുറത്തേക്ക് ഇട്ടുകൊണ്ടാണ് ഇയാൾ രക്ഷപ്പെടാനുള്ള ശ്രമം ആരംഭിച്ചത്. പിന്നീട് സെല്ലിന്റെ താഴത്തെ ഭാഗത്തെ കമ്പി അറുത്ത് മാറ്റിയ ശേഷം ആ വിടവിലൂടെ ഇഴഞ്ഞ് പുറത്തിറങ്ങി. ഏകദേശം 1.20 ഓടെയാണ് ഇയാൾ സെല്ലിന് പുറത്തെത്തിയത്. പുറത്തിറങ്ങിയ ശേഷം മൂന്ന് തവണകളായി തുണി ഉൾപ്പെടെയുള്ള ചില സാധനങ്ങൾ ശേഖരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് പത്താം ബ്ലോക്കിന്റെ മതിൽ ചാടിക്കടക്കുകയായിരുന്നു. ഗോവിന്ദച്ചാമി മതിലിന് നേർക്ക് നീങ്ങുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും, മതിൽ ചാടിക്കടക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭ്യമല്ല. ഇത് ഗോവിന്ദച്ചാമി ക്യാമറ ഇല്ലാത്ത സ്ഥലങ്ങൾ പഠിച്ചിരുന്നു എന്നതിന്റെ സൂചന നൽകുന്നു.
ഒറ്റക്കൈയ്യനായ ഗോവിന്ദച്ചാമി ജയിൽ ചാടാൻ മാസങ്ങളോളം ആസൂത്രണം നടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ശരീരഭാരം കുറയ്ക്കാൻ ആഹാരം കുറച്ചതും താടി വളർത്തിയതും ഇതിന്റെ ഭാഗമായിരുന്നു. കമ്പികൾ മുറിക്കാൻ ബ്ലേഡുകളോ മറ്റ് ഉപകരണങ്ങളോ ഉപയോഗിച്ചതായും, മഴയുള്ള സമയങ്ങളിൽ ശബ്ദം പുറത്തറിയാതിരിക്കാൻ കമ്പികൾ മുറിച്ചതായും റിപ്പോർട്ടുകളുണ്ട്. ജയിലിന്റെ ഇലക്ട്രിക് വേലി ഒരു വർഷത്തിലേറെയായി പ്രവർത്തനരഹിതമായിരുന്നു എന്നതും സുരക്ഷാ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജയിൽ ചാടിയതിന് പിന്നാലെ ഇയാൾ ജയിൽ വസ്ത്രങ്ങൾ മാറ്റി കറുത്ത ഷർട്ടും പാന്റ്സും ധരിക്കുന്നത് ജയിലിന് പുറത്തുള്ള സിസിടിവിയിൽ പതിഞ്ഞിരുന്നു. പിന്നീട് ഇയാൾ വെള്ള ഷർട്ടിലേക്ക് മാറിയതായും റിപ്പോർട്ടുണ്ട്. ജയിൽ ചാടിയതിന് മണിക്കൂറുകൾക്കകം ഗോവിന്ദച്ചാമിയെ കിണറ്റിൽ നിന്ന് പിടികൂടുകയും പിന്നീട് അതീവ സുരക്ഷാ ജയിലായ വിയ്യൂരിലേക്ക് മാറ്റുകയും ചെയ്തിരുന്നു.