
ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാടുകൾക്ക് ജിഎസ്ടി ചുമത്തുമെന്ന ആശങ്കകൾക്ക് വിരാമമിട്ട് കേന്ദ്ര സർക്കാർ. അത്തരം ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ നിലവിൽ യാതൊരു പദ്ധതിയും ഇല്ലെന്ന് കേന്ദ്ര ധനമന്ത്രാലയം രാജ്യസഭയെ അറിയിച്ചു.
യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ഏർപ്പെടുത്താൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, “2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ ജിഎസ്ടി കൗൺസിൽ ശുപാർശ ചെയ്തിട്ടില്ല” എന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രേഖാമൂലം മറുപടി നൽകി. ജിഎസ്ടി കൗൺസിലിന്റെ ശുപാർശകൾ അനുസരിച്ചാണ് നികുതി നിരക്കുകളും ഇളവുകളും സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിലെ 6,000 വ്യാപാരികൾക്ക് യുപിഐ ഇടപാടുകളുടെ പേരിൽ ജിഎസ്ടി വകുപ്പിൽ നിന്ന് ഡിമാൻഡ് നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് ഈ വിഷയം രാജ്യസഭയിൽ ഉന്നയിക്കപ്പെട്ടത്. ഇതോടെ വ്യാപാരികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും ഉണ്ടായ സംശയങ്ങൾക്കാണ് കേന്ദ്ര സർക്കാർ ഇപ്പോൾ വ്യക്തത നൽകിയിരിക്കുന്നത്.