
തലമുറകൾക്ക് പകരം വെക്കാനില്ലാത്ത സംഗീത ഇതിഹാസവും മലയാളത്തിന്റെ സ്വന്തം വാനമ്പാടിയുമായ കെ.എസ്. ചിത്രയ്ക്ക് ഇന്ന് 62 വയസ്സ് തികയുന്നു. സംഗീതലോകത്ത് കഴിവിന്റെയും വിനയത്തിന്റെയും പൂർണ്ണചന്ദ്രനായി ശോഭിക്കുന്ന ചിത്രയുടെ ശബ്ദം, ഓരോ മലയാളിക്കും അമ്മയുടെ ശബ്ദം പോലെ പരിചിതമാണ്. ആ സ്വരമാധുരിക്ക് മുന്നിൽ പുതിയ തലമുറയെന്നോ പഴയ തലമുറയെന്നോ ഭേദമില്ല.
1963 ജൂലൈ 27-ന് തിരുവനന്തപുരത്ത് കരമനയിൽ കൃഷ്ണൻനായരുടെയും ശാന്തകുമാരിയുടെയും മകളായാണ് ചിത്രയുടെ ജനനം. സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത് അച്ഛനിൽ നിന്നായിരുന്നു. പിന്നീട്, ഡോ. കെ. ഓമനക്കുട്ടി ടീച്ചറുടെ കീഴിൽ കർണാടക സംഗീതത്തിൽ ആഴത്തിലുള്ള അറിവ് നേടി. സംഗീതസംവിധായകൻ എം.ജി. രാധാകൃഷ്ണനാണ് ചിത്രയെ ചലച്ചിത്രലോകത്തേക്ക് കൈപിടിച്ചുയർത്തിയത്. 1979-ൽ അരവിന്ദൻ സംവിധാനം ചെയ്ത ‘കുമ്മാട്ടി’ എന്ന ചിത്രത്തിലെ ‘കുമ്മാട്ടീടെഴുന്നള്ളത്ത്’ എന്ന ഗാനത്തിൽ കോറസ് പാടിയാണ് സിനിമാരംഗത്ത് തുടക്കം കുറിച്ചത്.
‘അട്ടഹാസം’ എന്ന ചിത്രത്തിലെ ‘ചെല്ലം ചെല്ലം’ ആണ് ചിത്രയുടെ ആദ്യ സോളോ ഗാനം. എന്നാൽ, സത്യൻ അന്തിക്കാട് രചിച്ച് എം.ജി. രാധാകൃഷ്ണൻ ഈണമിട്ട ‘രജനീ പറയൂ’ എന്ന ലളിതഗാനമാണ് ചിത്രയെ സംഗീതപ്രേമികൾക്കിടയിൽ പ്രശസ്തയാക്കിയത്.
ഇളയരാജയുടെ സംഗീതത്തിൽ പാടിത്തുടങ്ങിയതോടെയാണ് കെ.എസ്. ചിത്ര തെന്നിന്ത്യയുടെ പ്രിയഗായികയായി വളർന്നത്. ‘നീ താനേ അന്തക്കുയിൽ’ ആയിരുന്നു തമിഴിലെ ആദ്യ ഗാനം. കെ.എസ്. ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘ഹസീൻ വാദിയോം മേം’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഹിന്ദിയിലെ അരങ്ങേറ്റം. ഗാനം റെക്കോർഡ് ചെയ്‌തെങ്കിലും ആ ചിത്രം പുറത്തിറങ്ങിയില്ല.
സംഗീത ജീവിതത്തിൽ ചിത്രയെ തേടിയെത്തിയത് എണ്ണമറ്റ പുരസ്കാരങ്ങളാണ്. ആറ് ദേശീയ പുരസ്കാരങ്ങളും പതിനഞ്ചോളം കേരള സംസ്ഥാന പുരസ്കാരങ്ങളും ഇതിൽ ഉൾപ്പെടുന്നു. ആന്ധ്രാപ്രദേശ് സർക്കാർ ഒൻപതും, തമിഴ്‌നാട് നാലും, കർണാടക മൂന്നും, ഒറീസ ഒന്നും തവണ ചിത്രയെ മികച്ച ഗായികയായി തിരഞ്ഞെടുത്തു. രാജ്യം പത്മശ്രീ (2005), പത്മഭൂഷൺ (2021) ബഹുമതികൾ നൽകി ആദരിച്ചു.
അരനൂറ്റാണ്ടിലേറെ നീണ്ട സംഗീതയാത്രയിൽ, കേവലം പാട്ടുകൾക്കപ്പുറം നമ്മുടെയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു കെ.എസ്. ചിത്ര. 62-ാം വയസ്സിന്റെ നിറവിലും ആ പുഞ്ചിരിക്കും സ്വരമാധുരിക്കും കാലം ഒരു മങ്ങലും ഏൽപ്പിച്ചിട്ടില്ല. മലയാളികളുടെ ഹൃദയത്തിൽ ‘ചിത്ര’യുഗം മായാതെ തുടരുകയാണ്.