
ന്യൂഡൽഹി: രാജ്യം ഇന്ന് 26-ാമത് കാർഗിൽ വിജയ ദിവസം ആചരിക്കുന്നു. അതിർത്തി ലംഘിച്ച് ഇന്ത്യൻ മണ്ണിൽ നുഴഞ്ഞുകയറിയ പാകിസ്ഥാൻ സൈന്യത്തെയും ഭീകരരെയും തുരത്തിയോടിച്ച ധീരമായ പോരാട്ടത്തിന്റെ ഓർമ്മ പുതുക്കുന്ന ദിനം. ഏകദേശം രണ്ടര മാസത്തോളം നീണ്ടുനിന്ന തീവ്രമായ പോരാട്ടത്തിനൊടുവിൽ, 527 ധീരസൈനികരുടെ ജീവത്യാഗത്തിലൂടെ ഇന്ത്യൻ സൈന്യം നേടിയെടുത്ത ഐതിഹാസിക വിജയമാണ് ‘ഓപ്പറേഷൻ വിജയ്’.
1999-ൽ, ജമ്മു കശ്മീരിലെ ബടാലിക് മലനിരകളിൽ ആടുകളെ മേയ്ക്കാൻ പോയ ഇടയന്മാരാണ് പാക് സൈന്യത്തിന്റെ സാന്നിദ്ധ്യം ആദ്യമായി തിരിച്ചറിഞ്ഞത്. ശൈത്യകാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ പ്രകാരം ഒഴിഞ്ഞുകിടന്നിരുന്ന ഇന്ത്യൻ സൈനിക പോസ്റ്റുകൾ പാകിസ്ഥാൻ സൈന്യം ഭീകരരുടെ സഹായത്തോടെ പിടിച്ചെടുക്കുകയായിരുന്നു. 18,000 അടി വരെ ഉയരത്തിലുള്ള തന്ത്രപ്രധാനമായ മലമുകളിൽ നിലയുറപ്പിച്ച ശത്രുവിനെ തുരത്തുക എന്നത് ഇന്ത്യൻ സൈന്യത്തിന് കടുത്ത വെല്ലുവിളിയായിരുന്നു.
തുടർന്ന്, ‘ഓപ്പറേഷൻ വിജയ്’ എന്ന പേരിൽ ഇന്ത്യൻ സൈന്യം തിരിച്ചടി ആരംഭിച്ചു. രാത്രിയുടെ മറവിൽ കയറുകളിൽ തൂങ്ങിയാണ് സൈനികർ കുത്തനെയുള്ള മലനിരകൾ കയറിയത്. ഇതിനിടെ, കരസേനാ മേധാവി ജനറൽ വി.പി. മാലിക് വ്യോമസേനയുടെ സഹായം തേടി. പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയിയുടെ രാഷ്ട്രീയ അനുമതി ലഭിച്ചതോടെ, 1999 മെയ് 26-ന് ‘ഓപ്പറേഷൻ സഫേദ് സാഗർ’ എന്ന പേരിൽ വ്യോമസേനയും പോരാട്ടത്തിൽ പങ്കുചേർന്നു.
യുദ്ധം കടുത്തതോടെ, ഇസ്രായേലിന്റെ സഹായത്തോടെ ഫ്രഞ്ച് നിർമ്മിത മിറാഷ് വിമാനങ്ങളിൽ ലേസർ നിയന്ത്രിത ബോംബുകൾ ഘടിപ്പിച്ചു. ചരിത്രത്തിലാദ്യമായി ലേസർ ബോംബുകൾ ഉപയോഗിച്ച് ഇന്ത്യൻ വ്യോമസേന ടൈഗർ ഹിൽ ഉൾപ്പെടെയുള്ള പാക് പോസ്റ്റുകൾ തകർത്തു. ടൈഗർ ഹിൽ തിരിച്ചുപിടിച്ചത് യുദ്ധത്തിൽ നിർണായക വഴിത്തിരിവായി. ഒടുവിൽ, 1999 ജൂലൈ 26-ന് ഇന്ത്യൻ സൈന്യം കാർഗിലിൽ പൂർണ്ണ വിജയം പ്രഖ്യാപിച്ചു. ധീരസൈനികരുടെ സ്മരണയ്ക്കായി ദ്രാസ് സെക്ടറിൽ കാർഗിൽ യുദ്ധസ്മാരകം പണികഴിപ്പിച്ചിട്ടുണ്ട്.