
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ജൂലൈ 26, ശനി) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. ശക്തമായ മഴയും കാറ്റും കാരണം ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീരുമാനം.
എറണാകുളം ജില്ലയിൽ കളക്ടർ എൻ.എസ്.കെ. ഉമേഷാണ് അവധി പ്രഖ്യാപിച്ചത്. ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നതിനാലും ശക്തമായ കാറ്റും മഴയും കണക്കിലെടുത്തുമാണ് ഈ തീരുമാനം. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും ഉൾപ്പെടെ അവധി ബാധകമാണ്. നഷ്ടപ്പെട്ട പഠന സമയം ക്രമീകരിക്കാൻ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കോട്ടയം ജില്ലയിൽ തുടർച്ചയായ കനത്ത മഴയും കാറ്റിനുള്ള സാധ്യതയും കണക്കിലെടുത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, അവധിക്കാല കായിക-കലാ പരിശീലന കേന്ദ്രങ്ങൾ, മത പഠന കേന്ദ്രങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.
പത്തനംതിട്ട ജില്ലയിലും കനത്ത മഴ കാരണം കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, സ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.
അതിനിടെ, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ജൂലൈ 26 വൈകുന്നേരം മുതൽ 27 അല്ലെങ്കിൽ 28 വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ നാഷണൽ സെൻ്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (INCOIS) മുന്നറിയിപ്പ് നൽകി.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും, അപകടകരമായ പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കാനും, ചെറിയ മത്സ്യബന്ധന ബോട്ടുകൾ കടലിൽ ഇറക്കുന്നത് ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ബീച്ച് ടൂറിസവും കടലുമായി ബന്ധപ്പെട്ട വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി തുറമുഖത്ത് കെട്ടിയിടണമെന്നും അധികൃതർ ആവശ്യപ്പെട്ടു. കുട്ടികൾ വീടിന് പുറത്തിറങ്ങുന്നതും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.