
ബെംഗളൂരു: നഗരത്തെ നടുക്കി തിരക്കേറിയ ബസ് സ്റ്റാൻഡിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ബെംഗളൂരുവിലെ കലാശിപാളയം ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നാണ് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും കണ്ടെടുത്തത്. സംഭവം നഗരത്തിൽ വലിയ ഭീതി പരത്തിയിട്ടുണ്ട്.
ബുധനാഴ്ച രാവിലെയാണ് സംഭവം. ബസ് സ്റ്റാൻഡിൽ സംശയാസ്പദമായ രീതിയിൽ ഒരു ബാഗ് കിടക്കുന്നത് സുരക്ഷാ ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ സ്ഫോടക വസ്തുക്കളാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻതന്നെ വിവരം പോലീസിനെ അറിയിച്ചു.
ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദയുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും ബോംബ് നിർവീര്യ സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. വിദഗ്ധ പരിശോധനയിൽ 18 ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളുമാണ് ബാഗിൽ ഉണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചു.
പോലീസ് ഉടൻതന്നെ പ്രദേശം വളയുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. കൃത്യസമയത്തെ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചു. ആരാണ് സ്ഫോടക വസ്തുക്കൾ ഇവിടെ ഉപേക്ഷിച്ചതെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബസ് സ്റ്റാൻഡിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.