രാജസ്ഥാൻ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ അഞ്ചു വയസ്സുകാരനായ അനന്തരവനെ ദുർമന്ത്രവാദത്തിനായി കൊലപ്പെടുത്തിയ കേസിൽ അമ്മാവനും മന്ത്രവാദിയും അറസ്റ്റിൽ. ഖൈർതൽ ജില്ലയിലെ മുണ്ടാവാർ പോലീസ് സ്റ്റേഷൻ പരിധിയിലെ സരായി ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ലോതേഷ് എന്ന അഞ്ചുവയസ്സുകാരനാണ് കൊല്ലപ്പെട്ടത്.

ഭാര്യയെ തിരികെ വീട്ടിലെത്തിക്കാൻ വേണ്ടിയുള്ള ദുർമന്ത്രവാദ കർമ്മങ്ങൾക്കായാണ് മനോജ് എന്നയാൾ തൻ്റെ അനന്തരവനായ ലോതേഷിനെ കൊലപ്പെടുത്തിയത്. കുടുംബവഴക്കിനെ തുടർന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് പോവുകയും തിരികെ വരാൻ വിസമ്മതിക്കുകയും ചെയ്തതോടെയാണ് മനോജ് മന്ത്രവാദിയെ സമീപിച്ചത്. മന്ത്രവാദി സുനിൽ കുമാർ 12,000 രൂപയും ഒരു കുട്ടിയുടെ ബലിയും കുട്ടിയുടെ രക്തവും ദുർമന്ത്രവാദത്തിനായി ആവശ്യപ്പെട്ടുവെന്ന് പോലീസ് പറഞ്ഞു.
തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് മനോജ് ലോതേഷിനെ മധുരം വാങ്ങി നൽകാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സിറിഞ്ച് ഉപയോഗിച്ച് രക്തം ഊറ്റിയെടുക്കുകയും മൃതദേഹം വൈക്കോലിൽ ഒളിപ്പിക്കുകയും ചെയ്തു. മൂന്ന് ദിവസത്തിന് ശേഷമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിൽ മനോജിൻ്റെ പങ്ക് വ്യക്തമായതിനെ തുടർന്ന് ഇയാളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. പിന്നീട്, കുറ്റകൃത്യത്തിന് സഹായം നൽകിയ മന്ത്രവാദി സുനിൽ കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രക്തമെടുക്കാൻ ഉപയോഗിച്ച സിറിഞ്ച് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.