
പാലക്കാട്: ഷൊർണൂർ-പാലക്കാട് റെയിൽവേ പാതയിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടന്നതായി സംശയം. റെയിൽവേ ട്രാക്കിൽ ഇരുമ്പ് ക്ലിപ്പുകൾ കണ്ടെത്തിയ സംഭവത്തിൽ ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.
ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്ക് മധ്യേ മായന്നൂർ മേൽപ്പാലത്തിന് സമീപമാണ് അപകടകരമായ രീതിയിൽ ക്ലിപ്പുകൾ കണ്ടെത്തിയത്. പാളവും കോൺക്രീറ്റ് സ്ലീപ്പറും തമ്മിൽ ബന്ധിപ്പിക്കുന്ന അഞ്ച് ഇ.ആർ. ക്ലിപ്പുകളാണ് പാളത്തിൽ വെച്ച നിലയിൽ കണ്ടെത്തിയത്.
എറണാകുളം-പാലക്കാട് മെമു ട്രെയിനിലെ ലോക്കോ പൈലറ്റാണ് ട്രാക്കിൽ അസ്വാഭാവികത ആദ്യമായി ശ്രദ്ധിച്ചത്. അദ്ദേഹം ഉടൻതന്നെ അധികൃതരെ വിവരമറിയിച്ചു. ഇതേത്തുടർന്ന്, പിന്നാലെ വന്ന നിലമ്പൂർ-പാലക്കാട് പാസഞ്ചർ ട്രെയിൻ വേഗത കുറച്ചാണ് ഈ ഭാഗം കടന്നുപോയത്.
തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പാളത്തിന്റെ പല ഭാഗങ്ങളിലായി അഞ്ച് ക്ലിപ്പുകൾ കണ്ടെത്തിയത്. ട്രെയിൻ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിപ്പുകൾ ട്രാക്കിൽ വെച്ചതെന്ന നിഗമനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.