
ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തമാക്കാനൊരുങ്ങി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇലക്ട്രിക് വാഹന രംഗത്ത് പുതിയൊരു ചുവടുവെപ്പായി, കുടുംബങ്ങളെ ലക്ഷ്യമിട്ട് ഒരു 7 സീറ്റർ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുന്നു. XEV 7e എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ മോഡൽ ഈ വർഷം അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ വിപണിയിൽ ശക്തമായ വളർച്ച കൈവരിക്കുന്ന മഹീന്ദ്ര, തങ്ങളുടെ നിലവിലെ 5 സീറ്റർ ഇലക്ട്രിക് എസ്‌യുവിയായ XEV 9e യെ അടിസ്ഥാനമാക്കിയാണ് പുതിയ 7 സീറ്റർ മോഡൽ ഒരുക്കുന്നത്. ഒരേ പ്ലാറ്റ്‌ഫോമും ഡിസൈൻ ശൈലിയും പങ്കുവെക്കുന്നതുകൊണ്ട് തന്നെ, XEV 9e-യുടെ ഡിസൈൻ ഘടകങ്ങൾ പുതിയ വാഹനത്തിലും പ്രതീക്ഷിക്കാം.
മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന നിരയിൽ XEV 9e-ക്ക് മുകളിലായിരിക്കും XEV 7e-യുടെ സ്ഥാനം. അതിനാൽ, 5 സീറ്റർ പതിപ്പിനേക്കാൾ ഏകദേശം 2 മുതൽ 2.5 ലക്ഷം രൂപ വരെ വില വർധനയും പ്രതീക്ഷിക്കുന്നു. നിലവിൽ 21.90 ലക്ഷം മുതൽ 30.50 ലക്ഷം രൂപ വരെയാണ് XEV 9e-യുടെ എക്സ്-ഷോറൂം വില.
കരുത്തും റേഞ്ചും
XEV 9e-യിലുള്ള അതേ പവർട്രെയിൻ ഓപ്ഷനുകളായിരിക്കും പുതിയ 7 സീറ്റർ മോഡലിലും ഉണ്ടാവുക. 59kWh, 79kWh എന്നിങ്ങനെയുള്ള രണ്ട് LFP ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ ഇതിൽ ഉൾപ്പെടും. ചെറിയ ബാറ്ററി 286bhp മോട്ടോറുമായി വരുമ്പോൾ, വലിയ ബാറ്ററി പായ്ക്ക് 231bhp മോട്ടോറുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഈ സെറ്റപ്പുകൾ യഥാക്രമം 542 കിലോമീറ്ററും 656 കിലോമീറ്ററും റേഞ്ച് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ക്യാബിൻ ലേഔട്ടും മറ്റ് പ്രധാന ഫീച്ചറുകളും XEV 9e-യിൽ നിന്ന് കടംകൊള്ളാനാണ് സാധ്യത. ഇലക്ട്രിക് വാഹന വിപണിയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹീന്ദ്ര പുതിയ 7 സീറ്റർ ഫാമിലി ഇവി അവതരിപ്പിക്കുന്നത്.