
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു. കരാറിലെ എല്ലാ വശങ്ങളും സൂക്ഷ്മമായി പരിശോധിച്ച്, ഇന്ത്യയുടെ താൽപ്പര്യങ്ങൾ പൂർണ്ണമായി സംരക്ഷിക്കുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ ലോക്സഭയിൽ വ്യക്തമാക്കി.
ഓരോ സ്വതന്ത്ര വ്യാപാര കരാറും (FTA) അതിന്റേതായ പ്രാധാന്യമുള്ളതാണെന്നും, ഇരു രാജ്യങ്ങൾക്കും പരമാവധി പ്രയോജനം ലഭിക്കുന്ന തരത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താരിഫ്, താരിഫ് ഇതര തടസ്സങ്ങൾ കുറയ്ക്കുക, വിപണി പ്രവേശനം വർധിപ്പിക്കുക തുടങ്ങിയ വിഷയങ്ങളിൽ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ തമ്മിൽ ചർച്ചകൾ തുടരുകയാണ്. ഓഗസ്റ്റ് ഒന്നിന് മുൻപായി ഒരു ഇടക്കാല കരാറിൽ എത്താനുള്ള തീവ്രമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഈ വർഷം സെപ്റ്റംബറിനും നവംബറിനും ഇടയിൽ കരാറിന്റെ ആദ്യ ഘട്ടം നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ വിജയകരമായി പൂർത്തിയാക്കിയതായും മന്ത്രി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയാഴ്ച ലണ്ടൻ സന്ദർശിച്ച് കരാറിൽ ഒപ്പുവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുണിത്തരങ്ങൾ, തുകൽ, കായികോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയ തൊഴിൽ പ്രാധാന്യമുള്ള മേഖലകൾക്ക് വലിയ കയറ്റുമതി സാധ്യതകളാണ് യുകെയുമായുള്ള കരാർ തുറന്നു നൽകുന്നത്.