
മലപ്പുറം: മഞ്ചേരിയിൽ യുവ വനിതാ ഡോക്ടറെ താമസസ്ഥലമായ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (പി.എം.ആർ) വിഭാഗം സീനിയർ റെസിഡന്റായ ഡോ. സി.കെ. ഫർസീനയെയാണ് (35) മരിച്ച നിലയിൽ കണ്ടെത്തിയത്. വളാഞ്ചേരി നടുക്കാവിൽ ഡോ. സാലിഖ് മുഹമ്മദിന്റെ ഭാര്യയാണ്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ മഞ്ചേരി വായ്പാറപ്പടിയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയിലായിരുന്നു സംഭവം. വൈകീട്ട് നാലുമണിയോടെ, താൻ ജീവിതം അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് ഫർസീന സഹപാഠികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശം അയക്കുകയും വാട്സാപ്പ് സ്റ്റാറ്റസ് ഇടുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച ഉച്ചവരെ ഡോക്ടർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. അവർ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.