‘ജീവിതം പൊതുസേവനത്തിനും പുരോഗതിക്കും സമര്‍പ്പിച്ച നേതാവ്’; വിഎസിനെ അനുസ്മരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി: കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. കേരളത്തിന്റെ പുരോഗതിക്കും പൊതുസേവനത്തിനുമായി ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു വി.എസ്. എന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.

തങ്ങൾ ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ ആശയവിനിമയങ്ങൾ ഓർക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. “മുൻ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ ദുഃഖമുണ്ട്. അദ്ദേഹം തൻ്റെ ജീവിതത്തിലെ പല വർഷങ്ങളും പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി സമർപ്പിച്ചു. ഞങ്ങളിരുവരും അതാത് സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിക്കുമ്പോൾ നടത്തിയ ആശയവിനിമയങ്ങൾ ഞാൻ ഓർക്കുന്നു. ഈ ദുഃഖകരമായ വേളയിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും അനുയായികളോടും എൻ്റെ അനുശോചനം അറിയിക്കുന്നു,” എന്ന് മോദി ‘എക്‌സിൽ’ കുറിച്ചു.

രാഷ്ട്രപതി ദ്രൗപതി മുർമുവും വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു. വി.എസ്. അച്യുതാനന്ദൻ 101-ാം വയസ്സിലാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ സംസ്കാരം ആലപ്പുഴയിലെ വലിയ ചുടുകാട്ടിൽ നടക്കും. വി.എസ്സിന്റെ നിര്യാണത്തെ തുടർന്ന് കേരളത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading