
തിരുവനന്തപുരം: ഒരു മാസത്തിലേറെയായി തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടന്റെ എഫ്-35 യുദ്ധവിമാനം അറ്റകുറ്റപ്പണികൾക്ക് ശേഷം മടങ്ങാനൊരുങ്ങുന്നു. വിമാനം തിരികെ പറക്കുമ്പോൾ സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കിയിരിക്കുന്നത് വിമാനത്താവള നടത്തിപ്പുകാരായ അദാനി ഗ്രൂപ്പും എയർ ഇന്ത്യയുമാണ്.
ഏകദേശം ഒരു മാസത്തോളം നീണ്ട അറ്റകുറ്റപ്പണികൾക്കായി വിമാനം സൂക്ഷിച്ചത് എയർ ഇന്ത്യയുടെ മെയിന്റനൻസ് ഹാങ്ങറിലാണ്. ഈ ഹാങ്ങർ ഉപയോഗിച്ചതിന് വാടകയിനത്തിൽ എയർ ഇന്ത്യക്ക് ഏകദേശം 75 ലക്ഷം രൂപയോളം ലഭിക്കും.
ഇതിനുപുറമെ, ലാൻഡിംഗ്, പാർക്കിംഗ് ചാർജുകളായി വിമാനത്താവള നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിനും ലക്ഷങ്ങൾ ലഭിച്ചു. ഒരു മാസത്തിലേറെ വിമാനം നിർത്തിയിട്ട വകയിൽ അദാനി ഗ്രൂപ്പിന് ഏകദേശം 8 ലക്ഷത്തിലധികം രൂപ ലഭിക്കും.
അറബിക്കടലിൽ വിമാനവാഹിനിക്കപ്പലിന്റെ ഭാഗമായി സൈനികാഭ്യാസം നടത്തുന്നതിനിടെയാണ് വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചത്. അറ്റകുറ്റപ്പണികൾക്ക് നേതൃത്വം നൽകിയ സാങ്കേതിക വിദഗ്ധരും ഉടൻ ബ്രിട്ടനിലേക്ക് മടങ്ങും.