
ഒരിടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് ഹൃദയപൂർവ്വം. മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസർ എത്തിയിരിക്കുകയാണ് ഇപ്പോൾ. 1.05 മിനിറ്റ് ദൈർഘ്യമുള്ള രസകരമായ ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോ സിനിമയെ വേറെ ലെവലിൽ എത്തിക്കും എന്നത് ടീസർ ഉറപ്പ് നൽകുന്നു. “പ്രേമലു”വിലെ അമൽ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത് ടീസറിൽ തന്റെ തനതായ നർമ ശൈലി കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു. മലയാള സിനിമയിൽ ഫഹദിനെ മാത്രമാണ് ഇഷ്ടമെന്നു പറയുന്ന ഇതരസംസ്ഥാനക്കാരനോടുള്ള മോഹൻലാലിൻറെ മറുപടിയും ടീസറിൽ ചിരിപടർത്തുന്നു.
മകനും സംവിധായകനുമായ അഖിൽ സത്യൻ്റെ കഥയിലാണ് സത്യൻ അന്തിക്കാട് സിനിമ അണിയിച്ചൊരുക്കുന്നത്. നവാഗതനായ ടി പി സോനുവാണ് തിരക്കഥയൊരുക്കുന്നത് . അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാന സഹായി.ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഹൃദയപൂർവ്വത്തിൽ മാളവിക മോഹന്‍, ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് മറ്റുപ്രധാനതാരങ്ങൾ. ഓണം റിലീസായാണ് ഹൃദയപൂർവ്വം തിയറ്ററിൽ എത്തുക. ഓഗസ്റ്റ് 28 ആണ് റിലീസ് തീയതി. ഈ ഓണം ലാലേട്ടൻ തൂക്കി എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ