ആധാറിലെ പിഴവ്: ആൺകുട്ടിയെ പെൺകുട്ടിയാക്കി, തിരുത്താൻ നൽകിയപ്പോൾ തെറ്റ് ആവർത്തിച്ചു; ഓഫീസുകള്‍ കയറിയിറങ്ങി കുടുബം

കൊച്ചി: ആധാർ കാർഡിലെ പിഴവ് തിരുത്താനായി ഓഫീസുകൾ കയറിയിറങ്ങി ദുരിതത്തിലായിരിക്കുകയാണ് ഒരു കുടുംബം. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിയുടെ ആധാർ കാർഡിൽ ലിംഗം (gender) രേഖപ്പെടുത്തിയ കോളത്തിൽ ‘പെൺ’ എന്ന് തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. ഇത് തിരുത്താൻ നൽകിയപ്പോൾ വീണ്ടും ഇതേ തെറ്റ് ആവർത്തിച്ചതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്.

എടവനക്കാട് സ്വദേശിനി സുജിതയുടെ മകൻ അദിനാൽ അസ്‌ലമിന്റെ ആധാർ കാർഡിലാണ് ഈ ഗുരുതരമായ പിഴവ് സംഭവിച്ചത്. കൊച്ചി കോർപ്പറേഷനിൽ നിന്നുള്ള ജനന സർട്ടിഫിക്കറ്റിൽ ലിംഗം കൃത്യമായി ‘ആൺ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആധാർ കാർഡിനായി വിവരങ്ങൾ നൽകിയപ്പോൾ ഓപ്പറേറ്റർക്ക് പിഴവ് സംഭവിക്കുകയായിരുന്നു.

ഈ തെറ്റ് കാരണം അദിനാലിന് സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള സർക്കാർ ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. തുടർന്ന് പിഴവ് തിരുത്താനായി വീണ്ടും അപേക്ഷ നൽകിയെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയിൽ വീണ്ടും ലിംഗം ‘പെൺ’ എന്ന് രേഖപ്പെടുത്തിയാണ് പുതിയ കാർഡ് ലഭിച്ചത്.

തുടർച്ചയായ ഈ പിഴവുകൾക്കെതിരെ കുടുംബം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന് പരാതി നൽകി. തൃക്കാക്കര നഗരസഭ മുൻ ചെയർമാൻ ഷാജി വാഴക്കാലയും കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട കളക്ടർ, വിദ്യാർത്ഥിയുടെ പരാതി ബെംഗളൂരുവിലെ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഓഫീസിലേക്ക് കൈമാറിയിട്ടുണ്ടെന്നും ഉടൻ തന്നെ തെറ്റ് തിരുത്താൻ നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നൽകി.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading