സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യാൻ കേരള സർക്കാർ; വാങ്ങുന്നത് കുറ്റം, കൊടുക്കുന്നത് കുറ്റകരമാല്ലാതാകും?

തിരുവനന്തപുരം, കേരള: സ്ത്രീധനം നൽകുന്നത് ക്രിമിനൽ കുറ്റമാക്കുന്ന വ്യവസ്ഥ ഒഴിവാക്കി 1961-ലെ സ്ത്രീധന നിരോധന നിയമത്തിൽ പ്രധാന ഭേദഗതി വരുത്താൻ കേരള സർക്കാർ ഒരുങ്ങുന്നു. ഇനിമുതൽ സ്ത്രീധനം സ്വീകരിക്കുന്ന വരനോ വരന്റെ ബന്ധുക്കളോ മാത്രമായിരിക്കും ക്രിമിനൽ കുറ്റത്തിന് ഉത്തരവാദികൾ. ഇതുസംബന്ധിച്ച കരട് രേഖ (ദി സ്ത്രീധന നിരോധനം – കേരള ഭേദഗതി ബിൽ 2025) നിയമ പരിഷ്കരണ കമ്മീഷൻ സർക്കാരിന് സമർപ്പിച്ചു. ഇത് പരിശോധിച്ച് നിയമത്തിൽ മാറ്റം വരുത്താനാണ് സർക്കാർ പദ്ധതി.

നിലവിലുള്ള നിയമപ്രകാരം സ്ത്രീധനം നൽകുന്നതും വാങ്ങുന്നതും കുറ്റകരമാണ്. എന്നാൽ, സ്ത്രീധനം നൽകിയതിന് ശേഷം അതിന്റെ പേരിൽ പീഡനത്തിനിരയാകുന്നത് വധുക്കളാണ്. സ്ത്രീധനം നൽകുന്നത് കുറ്റകരമായതിനാൽ നിയമനടപടികളെ ഭയന്ന് പരാതി നൽകാൻ വധുവും കുടുംബവും മടിക്കാറുണ്ട്. ഈ സാഹചര്യം ഒഴിവാക്കാനാണ് ഭേദഗതി ലക്ഷ്യമിടുന്നത്.

പോലീസ് കണക്കുകൾ പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടെ സ്ത്രീധനത്തിന്റെ പേരിൽ സംസ്ഥാനത്ത് 99 സ്ത്രീകൾ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിട്ടുണ്ട്.

വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനങ്ങളും സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും. സ്ത്രീധനത്തിന്റെ പേരിൽ (വിവാഹശേഷം) ഭർത്താവ് ഭാര്യയെ നേരിട്ടോ അല്ലാതെയോ മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചാൽ രണ്ട് വർഷം വരെ തടവും 25,000 രൂപ പിഴയും ശിക്ഷയായി വ്യവസ്ഥ ചെയ്യുന്നു.

വിവാഹത്തിന് മുൻപ് ഭർത്താവ് നേരിട്ടോ അല്ലാതെയോ സ്ത്രീധനം ആവശ്യപ്പെട്ടാൽ ആറുമാസം മുതൽ രണ്ട് വർഷം വരെ തടവും 50,000 രൂപ പിഴയും നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ ഇത് 10,000 രൂപയായിരുന്നു.

നിർവചനം

  • നിലവിലെ നിർവചനം: ‘സ്ത്രീധനം’ എന്നാൽ വിവാഹത്തിനായി ഒരു കക്ഷി നേരിട്ടോ അല്ലാതെയോ മറ്റൊരു കക്ഷിക്ക് നൽകുന്നതോ നൽകാൻ സമ്മതിക്കുന്നതോ ആയ ഏതെങ്കിലും സ്വത്തോ വിലപിടിപ്പുള്ള രേഖയോ.
  • ഭേദഗതി ചെയ്ത നിർവചനം: വിവാഹവുമായി ബന്ധപ്പെട്ട് വരനോ അയാളുടെ ബന്ധുക്കളോ വധുവിൽ നിന്നോ വധുവിൻ്റെ ബന്ധുക്കളിൽ നിന്നോ സ്വീകരിക്കുന്ന ഏതെങ്കിലും സ്വത്തോ വിലപിടിപ്പുള്ള രേഖയോ.

ശിക്ഷ

  • നിലവിൽ: സ്ത്രീധനം നൽകുന്നതോ സ്വീകരിക്കുന്നതോ അഞ്ച് വർഷത്തിൽ കുറയാത്ത തടവിനും 15,000 രൂപയോ സ്ത്രീധനത്തിന്റെ മൂല്യമോ, ഇതിലേതാണോ കൂടുതൽ ആ തുക പിഴയായും ശിക്ഷാർഹമാണ്.
  • ഭേദഗതി: സ്ത്രീധനം സ്വീകരിക്കുന്നത് മൂന്ന് വർഷത്തിൽ കുറയാത്തതും ഏഴ് വർഷം വരെയാകാവുന്നതുമായ തടവിന് ശിക്ഷാർഹമാണ്. പിഴ 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ അല്ലെങ്കിൽ സ്ത്രീധനത്തിന്റെ മൂല്യം, ഇതിലേതാണോ കൂടുതൽ ആ തുകയായിരിക്കും.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading