
ലണ്ടൻ: കാറപകടത്തിൽ ദാരുണമായി മരണമടഞ്ഞ പോർച്ചുഗീസ് ഫുട്ബോൾ താരം ഡിയോഗോ ജോട്ടയെ മരണാനന്തര ബഹുമതി നൽകി ആദരിച്ച് അദ്ദേഹത്തിന്റെ മുൻ ക്ലബ്ബായ വോൾവർഹാംപ്ടൺ വാണ്ടറേഴ്സ് (വോൾവ്സ്). ക്ലബ്ബിന്റെ അഭിമാനകരമായ ‘ഹാൾ ഓഫ് ഫെയിം’ പട്ടികയിലേക്കാണ് ജോട്ടയെ ഉൾപ്പെടുത്തിയത്.
കഴിഞ്ഞ ജൂലൈ 3-ന് സ്പെയിനിലെ സമോറയിൽ വെച്ചുണ്ടായ കാറപകടത്തിലായിരുന്നു ലിവർപൂൾ താരമായ ജോട്ടയും സഹോദരൻ ആന്ദ്രേ സിൽവയും മരണമടഞ്ഞത്. ഈ ദുരന്തം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ ദുഃഖത്തിലാഴ്ത്തിയിരുന്നു.
ജോട്ടയോടുള്ള ആദരസൂചകമായി വോൾവ്സ് പ്രത്യേക അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും. ഓഗസ്റ്റ് 9-ന് സെൽറ്റ വിഗോയ്‌ക്കെതിരായ പ്രീ-സീസൺ മത്സരത്തിലും, ഓഗസ്റ്റ് 16-ന് മാഞ്ചസ്റ്റർ സിറ്റിക്കെതിരായ പ്രീമിയർ ലീഗ് ഉദ്ഘാടന മത്സരത്തിലും ഔദ്യോഗികമായി അനുസ്മരിക്കും. ആരാധകരും കളിക്കാരും ഒരുമിച്ച് ഈ ചടങ്ങുകളിൽ പങ്കാളികളാകും.
2008-ൽ സ്ഥാപിതമായ വോൾവ്സ് ഹാൾ ഓഫ് ഫെയിം, ക്ലബ്ബിന്റെ ചരിത്രത്തിൽ സുപ്രധാന സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്നതിനുള്ളതാണ്. ഈ ബഹുമതി നേടുന്ന 39-ാമത്തെ താരമാണ് ഡിയോഗോ ജോട്ട.