അക്ഷയ് കുമാറിന്റെ കൈത്താങ്ങ്; ബോളിവുഡിലെ 700-ഓളം സ്റ്റണ്ട് കലാകാരന്മാർക്ക് ഇൻഷുറൻസ് സുരക്ഷ

മുംബൈ: പാ രഞ്ജിത് ചിത്രം ‘വേട്ടുവത്തിന്റെ’ ചിത്രീകരണത്തിനിടെ സ്റ്റണ്ട് മാസ്റ്റർ എസ്. മോഹൻരാജ് ദാരുണമായി മരണപ്പെട്ടതോടെ സിനിമാ സംഘട്ടന രംഗങ്ങളിലെ കലാകാരന്മാരുടെ സുരക്ഷ വീണ്ടും വലിയ ചർച്ചയായിരിക്കുകയാണ്. ഈ നിർണായക സാഹചര്യത്തിൽ, ബോളിവുഡിലെ സ്റ്റണ്ട് കലാകാരന്മാർക്ക് സൂപ്പർ താരം അക്ഷയ് കുമാർ നൽകുന്ന പിന്തുണയെക്കുറിച്ചുള്ള വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നു.

സംവിധായകൻ വിക്രം സിംഗ് ദഹിയയുടെ വാക്കുകൾ പ്രകാരം, ബോളിവുഡിലെ 650 മുതൽ 700 വരെ വരുന്ന സ്റ്റണ്ട് കലാകാരന്മാർക്ക് അക്ഷയ് കുമാർ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇതൊരു ആരോഗ്യ, അപകട ഇൻഷുറൻസാണ്. ഷൂട്ടിംഗ് സെറ്റിലോ പുറത്തോ വെച്ച് ഒരു സ്റ്റണ്ട് കലാകാരന് പരിക്ക് പറ്റിയാൽ അഞ്ചര ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും. അപകടമരണമുണ്ടായാൽ കുടുംബത്തിന് 25 ലക്ഷം രൂപയും ഇൻഷുറൻസ് പരിരക്ഷയായി ലഭിക്കും. ഇത് സ്റ്റണ്ട് കലാകാരന്മാരുടെ കുടുംബത്തിന് വലിയ സാമ്പത്തിക സുരക്ഷയാണ് നൽകുന്നത്.

മുൻപ് ഇങ്ങനെയൊരു ഇൻഷുറൻസ് പദ്ധതി നിലവിലുണ്ടായിരുന്നില്ല. സ്റ്റണ്ട് കലാകാരന്മാർ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞ അക്ഷയ് കുമാർ ഈ പദ്ധതിക്ക് വേണ്ടി നിലപാട് സ്വീകരിച്ചു. മൂവി സ്റ്റണ്ട് ആർട്ടിസ്റ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അജാസ് ഖാൻ അക്ഷയ് കുമാറിന്റെ ഈ ഉദ്യമത്തെ അഭിനന്ദിച്ചു. 2017 മുതൽ നടപ്പിലാക്കി വരുന്ന ഈ പദ്ധതിക്ക് കഴിഞ്ഞ എട്ട് വർഷമായി അക്ഷയ് കുമാർ സ്വന്തം കയ്യിൽ നിന്നാണ് പണം മുടക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

സ്വന്തം ശരീരം പണയപ്പെടുത്തി സാഹസിക പ്രകടനങ്ങൾ നടത്തുന്ന സ്റ്റണ്ട് കലാകാരന്മാർക്ക് പലപ്പോഴും മതിയായ സുരക്ഷ ലഭിക്കാറില്ല. ഈ സാഹചര്യത്തിൽ അക്ഷയ് കുമാറിന്റെ ഇടപെടൽ സിനിമാ ലോകത്തിന് തന്നെ ഒരു മാതൃകയാവുകയാണ്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading