
തിരുവനന്തപുരം: കിഴക്കനേല എൽ.പി. സ്കൂളിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 36 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികളെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച സ്കൂളിൽ നിന്ന് നൽകിയ ഫ്രൈഡ് റൈസും ചിക്കൻ കറിയും കഴിച്ച കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. 250 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലാണ് സംഭവം.
കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ വിവരം സ്കൂൾ അധികൃതർ ആരോഗ്യവകുപ്പിൽ നിന്ന് മറച്ചുവെച്ചതായി ഗുരുതരമായ ആരോപണം ഉയർന്നിട്ടുണ്ട്. സാധാരണ മെനുവിൽ നിന്ന് വ്യത്യസ്തമായി മാംസാഹാരം നൽകിയതും അധികൃതരെ അറിയിച്ചിരുന്നില്ല. കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിലെത്തി പരിശോധന നടത്തി. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തി.