കനത്ത മഴയിൽ റെഡ് അലർട്ട് മുന്നറിയിപ്പ്; ബാണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ 2 മണിക്ക് തുറക്കും, അതീവ ജാഗ്രത നിർദേശം

കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് വയനാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ ഇന്ന് (ജൂലൈ 18) ഉച്ചയ്ക്ക് 2 മണിക്ക് തുറക്കും. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെയാണ് അണക്കെട്ട് തുറക്കാൻ തീരുമാനിച്ചത്. ഒരു ഷട്ടർ 15 സെന്റിമീറ്റർ വരെ ഉയർത്തുമെന്നും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

കരമാൻതോട് പുഴയുടെ ഇരുകരകളിലുമുള്ള പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, പുൽപ്പള്ളി, മുള്ളൻകൊല്ലി, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയുടെ ചില ഭാഗങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഡാം തുറക്കുന്ന സാഹചര്യത്തിൽ സ്പിൽവേയുടെ താഴെയുള്ള പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മീൻ പിടിക്കുന്നതിനും കർശന വിലക്കുണ്ട്. കുട്ടികൾ ജലാശയങ്ങൾക്ക് സമീപം പോകുന്നില്ലെന്ന് രക്ഷിതാക്കളും അധ്യാപകരും ഉറപ്പുവരുത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അതേസമയം, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 19, 20 തീയതികളിൽ അതിതീവ്ര മഴയ്ക്കും 21 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading