
സർക്കാർ ഉൽപന്നമായ കേര വെളിച്ചെണ്ണയുടെ വില കുത്തനെ വർധിച്ചു. ഒറ്റയടിക്ക് ഒരു ലിറ്റർ കേര വെളിച്ചെണ്ണയ്ക്ക് 110 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റർ കേര വെളിച്ചെണ്ണയുടെ വില 529 രൂപയായി ഉയർന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് കേര വെളിച്ചെണ്ണയുടെ വില വർധിക്കുന്നത്.
തുറന്ന വിപണിയിൽ വെളിച്ചെണ്ണ വില നിയന്ത്രിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നിട്ടും ഈ വർധനവ് ഉണ്ടായിരിക്കുന്നത് ശ്രദ്ധേയമാണ്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും വില കൂടിയ വെളിച്ചെണ്ണയായി കേര മാറി. നിലവിൽ പ്രാദേശിക ബ്രാൻഡുകൾക്ക് ലിറ്ററിന് 420-480 രൂപയാണ് വില.
ഓണം അടുത്തിരിക്കെ കേര വെളിച്ചെണ്ണയുടെ ഉയർന്ന വില ഉപഭോക്താക്കളെ മറ്റു ബ്രാൻഡുകളിലേക്ക് മാറാൻ പ്രേരിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കേര പോലുള്ള ഒരു പൊതുമേഖലാ സ്ഥാപനം വില വർധിപ്പിക്കുന്നത് മറ്റൊരു ബ്രാൻഡിന് വില ഉയർത്താൻ കാരണമാകാമെന്ന് മുന്നറിയിപ്പ് നൽകുന്നു.