
ജയ്പൂർ: ലക്ഷങ്ങൾ മുടക്കി വാങ്ങിയ പുതിയ കാറിന് തുടർച്ചയായി തകരാറുകൾ സംഭവിച്ചതോടെ, കാറിന്റെ പരസ്യത്തിൽ അഭിനയിച്ച ബോളിവുഡ് സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാനും ദീപിക പദുക്കോണിനുമെതിരെ കേസുമായി ഉടമ. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിലൂടെ തന്നെ വഞ്ചിച്ചുവെന്ന് ആരോപിച്ചാണ് അഭിഭാഷകനായ കൃതി സിങ് താരങ്ങൾക്കെതിരെയും കാർ കമ്പനിക്കെതിരെയും പരാതി നൽകിയിരിക്കുന്നത്.
രാജസ്ഥാനിലെ ഭരത്പുർ സ്വദേശിയാണ് പരാതിക്കാരനായ കൃതി സിങ്. 2022-ൽ ഹരിയാനയിലെ സോനിപത്തിൽ നിന്ന് 23.97 ലക്ഷം രൂപ മുടക്കിയാണ് ഇദ്ദേഹം കാർ വാങ്ങിയത്. എന്നാൽ വാങ്ങി അധികം താമസിയാതെ തന്നെ കാറിന് ഗുരുതരമായ സാങ്കേതിക തകരാറുകൾ കണ്ടുതുടങ്ങി.
ഇക്കാര്യം കമ്പനിയെ അറിയിച്ചപ്പോൾ, നിർമ്മാണത്തിൽ വന്ന പിഴവാണെന്ന് അവർ സമ്മതിക്കുകയും താൽക്കാലിക പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ പ്രശ്നം ആവർത്തിച്ചതോടെ വലിയ സാമ്പത്തിക നഷ്ടവും മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളും ഉണ്ടായെന്ന് കൃതി സിങ് പരാതിയിൽ പറയുന്നു. തുടർന്നാണ് മഥുര ഗേറ്റ് പോലീസ് സ്റ്റേഷനിൽ വഞ്ചനാക്കുറ്റം ചുമത്തി പരാതി നൽകിയത്.