
ഓൺലൈൻ ഗെയിമിംഗ് രംഗത്ത് നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കി കേന്ദ്രസർക്കാർ. പണം വെച്ചുള്ള എല്ലാ ഓൺലൈൻ ഗെയിമുകളും നിരോധിക്കുന്ന “ഓൺലൈൻ ഗെയിമിംഗ് പ്രോത്സാഹനവും നിയന്ത്രണവും ബിൽ 2025” പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി. ലോക്സഭ പാസാക്കിയ ബില്ലിന് രാജ്യസഭയും അംഗീകാരം നൽകിയതോടെ നിയമം പ്രാബല്യത്തിൽ വരികയാണ്. ഇതോടെ ഫാന്റസി സ്പോർട്സ്, റമ്മി, പോക്കർ ഉൾപ്പെടെ പണം ഉൾപ്പെട്ട എല്ലാത്തരം ഓൺലൈൻ കളികളും രാജ്യത്ത് നിയമവിരുദ്ധമാകും.
നിരോധനത്തിന് പിന്നിലെ കാരണങ്ങൾ
രാജ്യത്തെ 45 കോടിയോളം ആളുകൾക്ക് ഓൺലൈൻ ഗെയിമുകളിലൂടെ പണം നഷ്ടപ്പെടുന്നുണ്ടെന്നും വാർഷിക നഷ്ടം ഏകദേശം 20,000 കോടി രൂപ വരുമെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് സഭയിൽ വ്യക്തമാക്കി. ഇത്തരം ഗെയിമുകൾ വലിയ സാമൂഹിക, സാമ്പത്തിക, മാനസിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് സർക്കാർ വിലയിരുത്തുന്നു. യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന ഗെയിമിംഗ് ആസക്തി, കുടുംബങ്ങളുടെ സാമ്പത്തിക തകർച്ച എന്നിവയ്ക്ക് പുറമെ, കള്ളപ്പണം വെളുപ്പിക്കുന്നതിനും ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ശേഖരണത്തിനും ഇത്തരം പ്ലാറ്റ്ഫോമുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
എന്താണ് നിരോധിച്ചത്? എന്തിനാണ് പ്രോത്സാഹനം?
പുതിയ നിയമമനുസരിച്ച്, പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ പന്തയം വെച്ച് കളിക്കുന്ന എല്ലാ ഓൺലൈൻ ഗെയിമുകളും നിരോധിച്ചു. കളി വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണോ ഭാഗ്യത്തിന്റെ അടിസ്ഥാനത്തിലാണോ എന്നത് പരിഗണിക്കില്ല. ഇത്തരം ഗെയിമുകളുടെ പരസ്യങ്ങൾക്കും അവയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾക്കും വിലക്കുണ്ട്. ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ഈ ഗെയിമുകളിലേക്കുള്ള പണമിടപാടുകൾ തടയാനുള്ള അധികാരവും നിയമം നൽകുന്നു.
അതേസമയം, ഇ-സ്പോർട്സ്, സോഷ്യൽ ഗെയിമുകൾ, വിദ്യാഭ്യാസപരമായ ഗെയിമുകൾ എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ നിയമം. ശാരീരികവും മാനസികവുമായ കഴിവുകൾ ഉപയോഗിച്ച് കളിക്കുന്ന മത്സര സ്വഭാവമുള്ള ഇ-സ്പോർട്സുകളെ ഒരു കായിക ഇനമായി വളർത്തിയെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യയെ ഗെയിം ഡെവലപ്മെന്റിന്റെ ഒരു ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.