
കൊച്ചി: മലയാള സിനിമയിൽ ഏറെ ചർച്ചയായ ‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർണ്ണായക നടപടി. കേസ് അന്വേഷണത്തിൽ പ്രതികളെ സഹായിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിട്ട മരട് പോലീസ് സ്റ്റേഷനിലെ എസ്ഐ കെ.കെ. സജീഷിനെ സ്ഥലം മാറ്റി. എറണാകുളം വെസ്റ്റ് ട്രാഫിക് സ്റ്റേഷനിലേക്കാണ് ഇദ്ദേഹത്തിന് പുതിയ നിയമനം.
നടൻ സൗബിൻ ഷാഹിർ ഉൾപ്പെട്ട ഈ കേസിന്റെ ഫയലിൽ നിന്ന് ബാങ്ക് ഇടപാടുകൾ സംബന്ധിച്ച പ്രധാന രേഖകൾ എസ്ഐ മാറ്റിയെന്നാണ് കണ്ടെത്തൽ. കേസിന്റെ പുരോഗതി വിലയിരുത്തുന്നതിനായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) ഫയലുകൾ പരിശോധിച്ചപ്പോഴാണ് ഈ ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടത്. ഇതേത്തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ അടിയന്തര നടപടിയുണ്ടായത്.
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമ്മാണത്തിനായി 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് തന്നിൽ നിന്ന് ഏഴ് കോടി രൂപ തട്ടിയെടുത്തു എന്ന് കാണിച്ച് അരൂർ സ്വദേശിയായ സിറാജ് ആണ് നിർമ്മാതാക്കൾക്കെതിരെ പരാതി നൽകിയത്. മുടക്കിയ പണമോ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ തിരികെ നൽകിയില്ലെന്ന് പരാതിയിൽ പറയുന്നു.
സിറാജിന്റെ പരാതിയിൽ നിർമ്മാതാക്കളായ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കെതിരെയാണ് മരട് പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. ഈ കേസിൽ മൂവർക്കും ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. എന്നാൽ, നിർമ്മാതാക്കൾ നടത്തിയത് ആസൂത്രിതമായ തട്ടിപ്പാണെന്നാണ് പോലീസിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ നിലവിൽ സുപ്രീംകോടതിയിൽ ഹർജിയുണ്ട്.