
മുംബൈ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യാ കപ്പ് 2025-നുള്ള ഇന്ത്യൻ ടി20 ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവാണ് ടീമിന്റെ നായകൻ. ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു. 2026-ലെ ടി20 ലോകകപ്പിന് മുന്നോടിയായുള്ള പ്രധാന ടൂർണമെന്റായാണ് പതിനേഴാമത് ഏഷ്യാ കപ്പ് കണക്കാക്കപ്പെടുന്നത്.
യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ് 2025 സെപ്റ്റംബർ 9 മുതൽ 28 വരെയാണ് നടക്കുക. എട്ട് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിനും സാധ്യതയുണ്ട്.
ബിസിസിഐ സെക്രട്ടറി ദേവാജിത് സൈക്കിയയും സെലക്ടർമാരും തമ്മിൽ നടന്ന യോഗത്തിന് ശേഷമാണ് ടീമിനെ പ്രഖ്യാപിച്ചത്. പരിക്കിൽ നിന്ന് മോചിതനായി പേസർ ജസ്പ്രീത് ബുംറ ടീമിൽ തിരിച്ചെത്തിയപ്പോൾ, മലയാളി താരം സഞ്ജു സാംസണും വിക്കറ്റ് കീപ്പറായി ടീമിൽ ഇടംനേടി. അതേസമയം, ശ്രേയസ് അയ്യർ, യശസ്വി ജയ്സ്വാൾ തുടങ്ങിയ പ്രമുഖ താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കി.
ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, അബുദാബിയിലെ ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.
ഇന്ത്യൻ ടീം ലിസ്റ്റ് ഇങ്ങനെ
- സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ)
- ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ)
- അഭിഷേക് ശർമ
- തിലക് വർമ്മ
- ഹാർദിക് പാണ്ഡ്യ
- ശിവം ദുബെ
- അക്സർ പട്ടേൽ
- ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ)
- ജസ്പ്രീത് ബുംറ
- അർഷ്ദീപ് സിംഗ്
- വരുൺ ചക്രവർത്തി
- കുൽദീപ് യാദവ്
- സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ)
- ഹർഷിത് റാണ
- റിങ്കു സിംഗ്