
കൊച്ചി: പ്രമുഖ റിയാലിറ്റി ഷോ താരവും ബോഡി ബിൽഡറുമായ ജിന്റോയ്ക്കെതിരെ മോഷണക്കുറ്റത്തിന് കേസ്. കൊച്ചി വെണ്ണലയിലുള്ള ജിമ്മിൽ നിന്ന് 10,000 രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചെന്നും, സിസിടിവി ക്യാമറകൾ നശിപ്പിച്ചെന്നും കാണിച്ച് നൽകിയ പരാതിയിലാണ് പാലാരിവട്ടം പോലീസ് കേസെടുത്തത്. ജിന്റോയിൽ നിന്ന് ഈ ജിം ഏറ്റെടുത്ത് നടത്തുന്ന സ്ത്രീയാണ് പരാതിക്കാരി.
പുലർച്ചെ 1:50-ന് ജിന്റോ ജിമ്മിൽ പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് ജിം തുറന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ജിന്റോയുടെ പേരിൽ മുൻപും വിവാദങ്ങൾ ഉയർന്നിട്ടുണ്ട്. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് എക്സൈസ് സംഘം ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്ലിമ എന്ന യുവതിയുമായി ജിന്റോയ്ക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ, പിതാവ് മരിച്ചെന്ന് പറഞ്ഞ് തസ്ലിമ 1000 രൂപ സഹായം ചോദിച്ചപ്പോൾ നൽകുക മാത്രമാണ് ചെയ്തതെന്നും മറ്റ് ബന്ധങ്ങളില്ലെന്നുമായിരുന്നു ജിന്റോ അന്ന് നൽകിയ മൊഴി.
പുതിയ മോഷണക്കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.