
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ രാത്രികാല മത്സരങ്ങൾക്ക് ഇനി കൂടുതൽ മിഴിവേകും. സ്റ്റേഡിയത്തിൽ പുതുതായി സ്ഥാപിച്ച എൽഇഡി ഫ്ലഡ്ലൈറ്റുകളുടെ ഉദ്ഘാടനം ഇന്ന് (ഓഗസ്റ്റ് 15) രാത്രി 7 മണിക്ക് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ലേസർ ഷോയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന സൗഹൃദ ക്രിക്കറ്റ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) 18 കോടി രൂപ ചെലവഴിച്ചാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കിയത്. പഴയ മെറ്റൽ ഹാലൈഡ് ലൈറ്റുകൾക്ക് പകരമായാണ് ആധുനിക എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചത്. ഫിലിപ്സിന്റെ ഉപകമ്പനിയായ സിഗ്നിഫൈ ആണ് ലൈറ്റുകളുടെ നിർമ്മാതാക്കൾ. നാല് ടവറുകളിലായി 1600 വാട്ട്സിന്റെ 392 പ്രൊഫഷണൽ എൽഇഡി ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ഡിഎംഎക്സ് കൺട്രോൾ സിസ്റ്റമാണ് ഈ ലൈറ്റുകളുടെ പ്രധാന പ്രത്യേകത. ഇത് ഉപയോഗിച്ച് പ്രകാശത്തിന്റെ തീവ്രത പൂജ്യം മുതൽ 100 ശതമാനം വരെ കൃത്യമായി നിയന്ത്രിക്കാൻ സാധിക്കും. സംഗീതത്തിനനുസരിച്ച് ലൈറ്റുകൾ ചലിപ്പിക്കാനും പ്രത്യേക ലൈറ്റിംഗ് ഇഫക്റ്റുകൾ നൽകാനും ഈ സംവിധാനത്തിന് കഴിയും. ഇത്തരം സൗകര്യങ്ങളുള്ള രാജ്യത്തെ ചുരുക്കം സ്റ്റേഡിയങ്ങളിൽ ഒന്നായി ഇതോടെ കാര്യവട്ടം ഗ്രീൻഫീൽഡ് മാറി.
പുതിയ ഫ്ലഡ്ലൈറ്റുകൾ കളിക്കാർക്കും കാണികൾക്കും മികച്ച ദൃശ്യാനുഭവം നൽകുന്നതിനൊപ്പം, എച്ച്ഡി ബ്രോഡ്കാസ്റ്റിംഗ് നിലവാരത്തിലേക്ക് സ്റ്റേഡിയത്തെ ഉയർത്തുകയും ചെയ്യും.