
ന്യൂഡൽഹി: കർഷകരുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ ഏതൊരു നയത്തിനും മുന്നിൽ താൻ ഒരു മതിൽ പോലെ നിലകൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രം കുറിക്കാനുള്ള സമയമാണിതെന്നും, ലോക വിപണിയെ ഇന്ത്യ ഭരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കുറഞ്ഞ ഉത്പാദനച്ചെലവും ഉയർന്ന ഗുണനിലവാരവുമുള്ള ഉത്പന്നങ്ങൾ നിർമ്മിച്ച് ആഗോള വിപണിയിൽ ഇന്ത്യയുടെ കഴിവ് തെളിയിക്കണം. മറ്റു രാജ്യങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ, നമ്മുടെ ലക്ഷ്യങ്ങൾക്കായി മുന്നോട്ട് പോകേണ്ട സമയമാണിത്. സ്വാതന്ത്ര്യ സമര സേനാനികൾ സ്വപ്നം കണ്ടതുപോലെ ഒരു ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കാൻ ഓരോ പൗരനും ദൃഢനിശ്ചയം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
പാൽ, പഴവർഗ്ഗങ്ങൾ, ചണം എന്നിവയുടെ ഉത്പാദനത്തിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്. മത്സ്യം, അരി, ഗോതമ്പ്, പച്ചക്കറികൾ എന്നിവയുടെ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുമുണ്ട്. കഴിഞ്ഞ വർഷം നാല് ലക്ഷം കോടി രൂപയുടെ കാർഷികോത്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. കർഷകരെയും മത്സ്യത്തൊഴിലാളികളെയും കന്നുകാലി വളർത്തുന്നവരെയും പിന്തുണയ്ക്കാൻ നിരവധി പദ്ധതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക ഇന്ത്യക്ക് മേൽ ഏർപ്പെടുത്തിയ 50% അധിക നികുതിയുടെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രിയുടെ ഈ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഈ നികുതി വർദ്ധനവ് സമുദ്രോത്പന്നങ്ങൾ, തുകൽ, തുണിത്തരങ്ങൾ തുടങ്ങിയ മേഖലകളെയാണ് ഏറെ ബാധിച്ചത്.