
മുംബൈ: ചെക്ക് ഇടപാടുകൾ വേഗത്തിലാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി. 2025 ഒക്ടോബർ 4 മുതൽ ചെക്കുകൾ മണിക്കൂറുകൾക്കുള്ളിൽ ക്ലിയർ ചെയ്യുന്ന സംവിധാനം നിലവിൽ വരും. നിലവിൽ ചെക്കുകൾ മാറി അക്കൗണ്ടിൽ പണമെത്താൻ രണ്ട് ദിവസം വരെ എടുത്തിരുന്നു. ഈ കാലതാമസം ഒഴിവാക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം.
ചെക്ക് ട്രൻക്കേഷൻ സിസ്റ്റത്തിൽ (CTS) വരുത്തുന്ന മാറ്റങ്ങളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. പുതിയ സംവിധാനം വരുന്നതോടെ ബാങ്കുകൾക്ക് ലഭിക്കുന്ന ചെക്കുകൾ തുടർച്ചയായി ക്ലിയറിങ്ങിന് അയയ്ക്കുകയും ഇടപാടുകാരുടെ അക്കൗണ്ടിലേക്ക് വേഗത്തിൽ പണം എത്തുകയും ചെയ്യും. ഈ മാറ്റം രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. ആദ്യഘട്ടം ഒക്ടോബർ 4-നും രണ്ടാം ഘട്ടം 2026 ജനുവരി 3-നും ആരംഭിക്കും.
രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ ചെക്ക് ലഭിച്ച് ഏതാനും മണിക്കൂറുകൾക്കകം പണം അക്കൗണ്ടിൽ ലഭ്യമാകും. ഇത് രാജ്യത്തെ സാമ്പത്തിക ഇടപാടുകളുടെ വേഗതയും കാര്യക്ഷമതയും വർദ്ധിപ്പിക്കും.
ഈ മാറ്റം സാധാരണക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ഗുണകരമാകും. പണത്തിന്റെ ലഭ്യത വേഗത്തിലാകുന്നത് സാമ്പത്തിക ഇടപാടുകളെ കൂടുതൽ സുഗമമാക്കും. പുതിയ മാറ്റങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കാൻ ആർബിഐ എല്ലാ ബാങ്കുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.