
ന്യൂഡൽഹി: രാഹുൽ ഗാന്ധി വോട്ടർ തട്ടിപ്പ് ആരോപണം ഉന്നയിച്ചതിന് പിന്നാലെ ആരോപണവുമായി ബിജെപി. രാഹുൽ ഗാന്ധി വിജയിച്ച റായ്ബറേലിയിലും പ്രിയങ്ക ഗാന്ധി വിജയിച്ച വയനാട്ടിലും വോട്ടർപട്ടികയിൽ ക്രമക്കേടുകൾ ഉണ്ടെന്ന് ബിജെപി ആരോപിച്ചു. വോട്ടർ തട്ടിപ്പ് ആരോപിച്ച് പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം നടത്തുന്നതിനിടെയാണ് ബിജെപിയുടെ ഈ നീക്കം.
റായ്ബറേലി, വയനാട്, ഡയമണ്ട് ഹാർബർ, കനൗജ് തുടങ്ങിയ മണ്ഡലങ്ങളിലെ വോട്ടർപട്ടികയിൽ ക്രമക്കേടുകളുണ്ടെന്നും, ഈ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഭിഷേക് ബാനർജി, അഖിലേഷ് യാദവ് എന്നിവർ രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ആണ് ഈ ആരോപണങ്ങൾ ഉന്നയിച്ചത്.
വയനാട്ടിൽ 93,499 സംശയാസ്പദമായ വോട്ടർമാരുണ്ടെന്നും ഇതിൽ 20,438 വ്യാജ വോട്ടർമാരും 17,450 വ്യാജ വിലാസത്തിലുള്ളവരും ഉൾപ്പെടുന്നുവെന്നും അനുരാഗ് ഠാക്കൂർ ആരോപിച്ചു. റായ്ബറേലിയിൽ രണ്ട് ലക്ഷത്തിലധികം സംശയാസ്പദമായ വോട്ടർമാരുണ്ടെന്നും ബിജെപി പറയുന്നു.