
ബെംഗളൂരു: ഗർഭിണിയായ ഭാര്യക്ക് തുണയാവാനായി 1.2 കോടി വാർഷിക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച ബെംഗളൂരു സ്വദേശിയുടെ റെഡ്ഡിറ്റ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 7 വർഷം കൊണ്ട് പൂജ്യത്തിൽ നിന്ന് 7 കോടിയിലധികം രൂപയുടെ ആസ്തി നേടിയ കോളേജ് ഡ്രോപ്പ്ഔട്ടാണ് ഇദ്ദേഹം.
ബെംഗളൂരുവിലെ ജയനഗറിൽ വീട്ടിലിരുന്ന് ജോലി ചെയ്ത് 1.2 കോടി രൂപ സമ്പാദിക്കുകയായിരുന്നു താനെന്ന് യുവാവ് പറയുന്നു. ഭാര്യ ഗർഭിണിയായപ്പോൾ, അവൾ ജോലിയിൽ നിന്ന് ഇടവേള എടുക്കണമെന്ന് നിർദ്ദേശിച്ചു. എന്നാൽ, ജോലി തുടരാനാണ് ഭാര്യ ആഗ്രഹിച്ചത്. ഇതോടെ, അവൾക്ക് പൂർണ പിന്തുണ നൽകാനായി സ്വയം ജോലി ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. സ്റ്റാർട്ടപ്പുകളിൽ മാർക്കറ്റിംഗ് ടീമുകളെ നയിച്ചാണ് ഇദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
ഒരു കോടിയിലധികം ശമ്പളമുള്ള ജോലി ഉപേക്ഷിക്കാൻ തനിക്ക് സാമ്പത്തികമായി കഴിയുമെന്നതിൽ ഇന്ന് അനുഗ്രഹീതനായി തോന്നുന്നുവെന്നും, തന്റെ കഴിവും ബന്ധങ്ങളും ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും വിപണിയിൽ തിരിച്ചെത്താൻ കഴിയുമെന്ന് അറിയാമെന്നും അദ്ദേഹം റെഡ്ഡിറ്റിൽ കുറിച്ചു. അദ്ദേഹത്തിന്റെ തീരുമാനത്തെ “ഹസ്ബൻഡ് ഗോൾസ്” എന്ന് വിശേഷിപ്പിച്ചും, ജീവിതത്തിലെ യഥാർത്ഥ മുൻഗണനകൾ തിരിച്ചറിഞ്ഞതിനെ പ്രശംസിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
ജോലി ഉപേക്ഷിച്ചെങ്കിലും സ്റ്റാർട്ടപ്പുകൾക്ക് ഉപദേശകനായി പ്രവർത്തിക്കാനാണ് ഇദ്ദേഹത്തിന്റെ പുതിയ തീരുമാനം.