
ധർമസ്ഥലയിലെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണസംഘം (SIT). കേസന്വേഷണത്തിനായി ബെൽത്തങ്ങാടിയിൽ പ്രവർത്തിക്കുന്ന സംഘത്തിന്റെ താത്കാലിക ഓഫീസിന് കർണാടക സർക്കാർ പോലീസ് സ്റ്റേഷൻ പദവി നൽകി. ഇതോടെ, കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് ഓഫീസിൽ അറിയിക്കാൻ സാധിക്കും.
അതേസമയം, ശുചീകരണത്തൊഴിലാളി അടയാളപ്പെടുത്തിയ 13 സ്ഥലങ്ങൾക്കപ്പുറത്തേക്കും അന്വേഷണസംഘം തിരച്ചിൽ വ്യാപിപ്പിച്ചു. വെള്ളിയാഴ്ച സ്നാനഘട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ബോളിയാർ വനപ്രദേശത്ത് മണിക്കൂറുകളോളം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അടയാളപ്പെടുത്തിയ പതിമൂന്നാമത്തെ സ്ഥലം ഇനിയും പരിശോധിക്കാനുണ്ട്.
മാധ്യമവിലക്ക് ഏർപ്പെടുത്താൻ സുപ്രീംകോടതി വിസമ്മതിച്ചു
ധർമസ്ഥല സംഭവവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. എന്നാൽ, ക്ഷേത്രത്തെ അപകീർത്തിപ്പെടുത്തുന്ന റിപ്പോർട്ടുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ക്ഷേത്രസമിതി നൽകിയ ഹർജി വേഗത്തിൽ തീർപ്പാക്കാൻ കർണാടകയിലെ വിചാരണക്കോടതിക്ക് നിർദേശം നൽകി. ഏകദേശം 8,000 യൂട്യൂബ് ചാനലുകൾ ക്ഷേത്രത്തിനെതിരെ അപകീർത്തികരമായ പ്രചാരണം നടത്തുന്നുണ്ടെന്ന് ക്ഷേത്രസമിതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.