
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ വനമേഖലയിൽ ഭീകരരുമായി തുടരുന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ലാൻസ് നായിക് പ്രിത്പാൽ സിങ്, ശിപായി ഹർമിന്ദർ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചതെന്ന് സൈന്യം സ്ഥിരീകരിച്ചു. ഏറ്റുമുട്ടൽ ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
ഓഗസ്റ്റ് ഒന്നിനാണ് കുൽഗാമിലെ അഖൽ വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചത്. ‘ഓപ്പറേഷൻ അഖൽ’ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിനിടെ രണ്ട് ഭീകരരെയും വധിച്ചിട്ടുണ്ട്. ഭീകരരുമായി വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ വെടിവെപ്പിലാണ് രണ്ട് സൈനികർക്ക് ജീവൻ നഷ്ടമായത്. ഏറ്റുമുട്ടലിൽ മറ്റ് നാല് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്, ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
കശ്മീർ താഴ്വരയിൽ സമീപകാലത്ത് നടന്ന ഏറ്റവും ദൈർഘ്യമേറിയ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ഒന്നാണിത്. വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനായി ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് സുരക്ഷാസേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.