
വാഷിംഗ്ടൺ: മൂന്ന് വർഷത്തിലേറെയായി തുടരുന്ന യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് നിർണായക ചർച്ചകൾക്കായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും അടുത്ത വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. ഓഗസ്റ്റ് 15-ന് അലാസ്കയിൽ വെച്ചാണ് ചരിത്രപരമായ ഈ യോഗം നടക്കുകയെന്ന് ട്രംപ് തന്നെയാണ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്.
യുദ്ധം അവസാനിപ്പിക്കാനുള്ള ഒരു സമാധാന കരാറിന് സാധ്യതയുണ്ടെന്ന് ട്രംപ് നേരത്തെ മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഒരു പതിറ്റാണ്ടിന് ശേഷമാണ് പുടിൻ ഒരു ചർച്ചയ്ക്കായി അമേരിക്കയിൽ എത്തുന്നത്. 2015-ൽ പ്രസിഡന്റ് ബരാക് ഒബാമയുമായി ന്യൂയോർക്കിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയായിരുന്നു ഇതിന് മുൻപത്തേത്.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യയുമായും യുക്രെയ്നുമായും നടത്തിയ ചർച്ചകൾ ഇതുവരെ ഫലം കണ്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് ട്രംപ് നേരിട്ട് പുടിനുമായി ചർച്ച നടത്തുന്നത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെക്കൂടി ഉൾപ്പെടുത്തി ഒരു ത്രികക്ഷി ചർച്ചയ്ക്ക് യുഎസ് ശ്രമിച്ചിരുന്നെങ്കിലും റഷ്യ ആ നിർദ്ദേശം തള്ളിക്കളഞ്ഞതായി റിപ്പോർട്ടുകളുണ്ട്. അതിനാൽ, അലാസ്കയിൽ നടക്കുന്ന ചർച്ചയിൽ ട്രംപും പുടിനും മാത്രമായിരിക്കും പങ്കെടുക്കുക. ക്രെംലിനും ഈ കൂടിക്കാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്.