
കൊച്ചി: സാമ്പത്തികമായി സുസ്ഥിരമായ വളർച്ച കൈവരിച്ചുകൊണ്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) തുടർച്ചയായ മൂന്നാം വർഷവും പ്രവർത്തന ലാഭം രേഖപ്പെടുത്തി. 2024-25 സാമ്പത്തിക വർഷത്തിൽ ₹33.34 കോടി രൂപയാണ് മെട്രോയുടെ പ്രവർത്തന ലാഭം. മുൻ വർഷത്തെ അപേക്ഷിച്ച് ₹10.4 കോടിയുടെ വർധനവാണിത്.
ഈ സാമ്പത്തിക വർഷം ടിക്കറ്റ്, ടിക്കറ്റിതര മാർഗ്ഗങ്ങളിലൂടെ കൊച്ചി മെട്രോ ആകെ ₹182.37 കോടി രൂപ വരുമാനം നേടി. ഇതിൽ ₹111.88 കോടി രൂപ ടിക്കറ്റ് വരുമാനത്തിൽ നിന്നും, ₹55.41 കോടി രൂപ ടിക്കറ്റിതര വരുമാനത്തിൽ നിന്നുമാണ് ലഭിച്ചത്. കൺസൾട്ടൻസി സേവനങ്ങളിലൂടെ ₹1.56 കോടിയും മറ്റ് വരുമാനങ്ങളായി ₹13.52 കോടിയും ലഭിച്ചു. ഈ കാലയളവിലെ പ്രവർത്തനച്ചെലവ് ₹149.03 കോടി രൂപയായിരുന്നു.
പ്രവർത്തനം ആരംഭിച്ച 2017-18 വർഷത്തിൽ ₹24.19 കോടി രൂപ നഷ്ടത്തിലായിരുന്ന സ്ഥാപനമാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. 2022-23 വർഷത്തിലാണ് (₹5.35 കോടി) കൊച്ചി മെട്രോ ആദ്യമായി പ്രവർത്തന ലാഭം നേടിയത്. പലിശ, മൂല്യത്തകർച്ച തുടങ്ങിയ സാമ്പത്തിക ചെലവുകൾ ഒഴിവാക്കിയാണ് പ്രവർത്തന ലാഭം കണക്കാക്കുന്നത്.
“മെച്ചപ്പെട്ട പ്രവർത്തന മികവും യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകിയതും വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിച്ചതുമാണ് ഈ നേട്ടത്തിന് പിന്നിൽ” എന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു.