
മുംബൈ: പ്രണയവും സഹതാപവും ആയുധമാക്കി രണ്ട് വർഷത്തോളം നീണ്ട ഓൺലൈൻ തട്ടിപ്പിൽ മുംബൈ സ്വദേശിയായ 80-കാരന് നഷ്ടമായത് ഏകദേശം ഒമ്പത് കോടി രൂപ. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട നാല് സ്ത്രീകൾ 734 ഇടപാടുകളിലൂടെയാണ് ഇദ്ദേഹത്തെ കബളിപ്പിച്ച് പണം തട്ടിയത്. ഈ നാല് പേരും ഒരാൾ തന്നെയാകാനാണ് സാധ്യതയെന്ന് പോലീസ് സംശയിക്കുന്നു.
കെണിയുടെ തുടക്കം ഫെയ്സ്ബുക്കിൽ
2023 ഏപ്രിലിലാണ് സംഭവങ്ങളുടെ തുടക്കം. 80-കാരൻ ഫെയ്സ്ബുക്കിൽ ‘ഷർവി’ എന്ന സ്ത്രീക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചെങ്കിലും അവർ അത് സ്വീകരിച്ചില്ല. ദിവസങ്ങൾക്ക് ശേഷം, അതേ അക്കൗണ്ടിൽ നിന്ന് ഇദ്ദേഹത്തിന് ഒരു റിക്വസ്റ്റ് ലഭിച്ചു, അത് അദ്ദേഹം സ്വീകരിച്ചു. ചാറ്റിംഗിലൂടെ സൗഹൃദം വളർന്നതോടെ ഇരുവരും ഫോൺ നമ്പറുകൾ കൈമാറുകയും വാട്സാപ്പിൽ സംഭാഷണം തുടരുകയും ചെയ്തു. താൻ ഭർത്താവുമായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും കുട്ടികൾക്ക് അസുഖമാണെന്നും പറഞ്ഞ് ഷർവി പണം ആവശ്യപ്പെടാൻ തുടങ്ങി.
ഒന്നിനുപിറകെ ഒന്നായി കഥാപാത്രങ്ങൾ
താമസിയാതെ, ‘കവിത’ എന്ന പേരിൽ മറ്റൊരു സ്ത്രീ ഇദ്ദേഹത്തിന് സന്ദേശമയച്ചു തുടങ്ങി. ഷർവിയുടെ സുഹൃത്താണെന്ന് സ്വയം പരിചയപ്പെടുത്തിയ അവർ, അശ്ലീല സന്ദേശങ്ങൾ അയച്ചും പണം തട്ടാൻ ആരംഭിച്ചു. 2023 ഡിസംബറിൽ, ഷർവിയുടെ സഹോദരിയാണെന്ന് അവകാശപ്പെട്ട് ‘ദിനാസ്’ എന്ന സ്ത്രീയും രംഗത്തെത്തി. ഷർവി മരിച്ചെന്നും ആശുപത്രി ബില്ലുകൾ അടയ്ക്കാൻ പണം വേണമെന്നും അവർ ആവശ്യപ്പെട്ടു. ഇതോടൊപ്പം, ഷർവിയുമായുള്ള പഴയ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ കാട്ടി ഭീഷണിപ്പെടുത്തിയും പണം തട്ടി.
ഇദ്ദേഹം പണം തിരികെ ചോദിച്ചപ്പോൾ ആത്മഹത്യ ചെയ്യുമെന്ന് ദിനാസ് ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെ ദിനാസിന്റെ സുഹൃത്താണെന്ന് പറഞ്ഞ് ‘ജാസ്മിൻ’ എന്ന നാലാമത്തെ സ്ത്രീയും സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തി.
തട്ടിപ്പ് പുറത്തായപ്പോൾ
2023 ഏപ്രിൽ മുതൽ 2025 ജനുവരി വരെയുള്ള കാലയളവിൽ 734 ഇടപാടുകളിലായി 8.7 കോടി രൂപയാണ് ഇദ്ദേഹം ഈ സ്ത്രീകൾക്ക് നൽകിയത്. സ്വന്തം സമ്പാദ്യം തീർന്നപ്പോൾ, മരുമകളിൽ നിന്ന് രണ്ട് ലക്ഷം രൂപ കടം വാങ്ങി. എന്നിട്ടും ഭീഷണി തുടർന്നപ്പോൾ, മകനോട് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പിന്റെ കഥ പുറത്തറിയുന്നത്.
താന് കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞതിൻ്റെ ആഘാതത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് അദ്ദേഹത്തിന് ഓർമ്മക്കുറവ് അഥവാ ഡിമെൻഷ്യ സ്ഥിരീകരിച്ചു. ഈ വർഷം ജൂലൈ 22-നാണ് കുടുംബം സൈബർ പോലീസിൽ പരാതി നൽകിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും നാല് സ്ത്രീകളും ഒരാൾ തന്നെയാകാനാണ് സാധ്യതയെന്നും പോലീസ് അറിയിച്ചു.