
ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിൽ ബിജെപി നേടിയ വിജയത്തിൽ ക്രമക്കേട് നടന്നതായി സംശയം ഉന്നയിച്ച് സിപിഐ രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, തൃശ്ശൂരിലെ ഫലത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ ആവശ്യപ്പെട്ടു.
വോട്ടർ പട്ടികയിൽ വ്യാപകമായി ആളുകളെ തിരുകിക്കയറ്റിയതായി തിരഞ്ഞെടുപ്പ് സമയത്തുതന്നെ പരാതി നൽകിയിരുന്നുവെന്നും എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അത് ഗൗരവമായി എടുത്തില്ലെന്നും സിപിഐ ആരോപിക്കുന്നു. പുതിയ വോട്ടർമാരെ ചേർക്കുന്നതിൽ തൃശ്ശൂരിൽ വലിയ അട്ടിമറി നടന്നിട്ടുണ്ട്. മറ്റ് മണ്ഡലങ്ങളിൽ നിന്നും അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നും ആളുകളെ വോട്ടർ പട്ടികയിൽ ചേർത്തുവെന്നാണ് പ്രധാന ആരോപണം. രാഹുൽ ഗാന്ധി ആവശ്യപ്പെട്ട സംസ്ഥാനങ്ങളിൽ മാത്രമല്ല, കേരളത്തിലും തൃശ്ശൂരിലും ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
സിപിഐ നേതാവും എൽഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന വി.എസ്. സുനിൽകുമാറും സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ചില ബൂത്തുകളിൽ ഒരുമിച്ച് 280-ഓളം പുതിയ വോട്ടർമാരെ ചേർത്തതുൾപ്പെടെയുള്ള കാര്യങ്ങളിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കെ. മുരളീധരനും മുൻപ് ബിജെപിക്കെതിരെ വ്യാജ വോട്ടിംഗ് ആരോപണം ഉന്നയിച്ചിരുന്നു.