
ക്യാപ്റ്റൻ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടാൻ താൽപര്യം പ്രകടിപ്പിച്ചെന്ന വാർത്തകൾക്കിടെ, വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറെലിനെ അഭിനന്ദിച്ച് ടീം രംഗത്തെത്തി. ദുലീപ് ട്രോഫിക്കുള്ള മധ്യമേഖലാ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതിനാണ് രാജസ്ഥാൻ റോയൽസ് ജുറെലിനെ അഭിനന്ദിച്ചത്. ഈ പോസ്റ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
സഞ്ജു സാംസൺ ടീം വിട്ട് ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് (CSK) മാറാൻ ആഗ്രഹിക്കുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് രാജസ്ഥാന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇത് സഞ്ജുവിന്റെ പകരക്കാരനായി ജുറെലിനെ ഉയർത്തിക്കാട്ടാനുള്ള ശ്രമമാണോ എന്ന സംശയം ആരാധകർക്കിടയിൽ ബലപ്പെട്ടിട്ടുണ്ട്. “വിക്കറ്റിന് പിന്നിൽ നിന്ന് കളി മാറ്റാൻ കഴിവുള്ള താരം” എന്നാണ് രാജസ്ഥാൻ ജുറെലിനെ വിശേഷിപ്പിച്ചത്.
അതേസമയം, സഞ്ജു ടീം വിടുന്നതുമായി ബന്ധപ്പെട്ട് രാജസ്ഥാൻ റോയൽസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സഞ്ജുവുമായി രണ്ട് വർഷത്തെ കരാർ കൂടി ബാക്കിയുള്ളതിനാൽ, താരത്തെ വിൽക്കുകയോ മറ്റ് കളിക്കാരുമായി കൈമാറ്റം ചെയ്യുകയോ വേണമോ എന്ന അന്തിമ തീരുമാനം ഫ്രാഞ്ചൈസിയുടേതായിരിക്കും. ചെന്നൈ സൂപ്പർ കിംഗ്സ് സഞ്ജുവിനെ ടീമിലെത്തിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, പണത്തിന് പകരം രണ്ട് കളിക്കാരെ കൈമാറണമെന്ന നിബന്ധന രാജസ്ഥാൻ മുന്നോട്ട് വെച്ചതായാണ് വിവരം.