
മഴക്കാലം വളർത്തുമൃഗങ്ങൾക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സമയമാണ്. വായുവിലെ ഈർപ്പം കൂടുന്നത് ചർമ്മരോഗങ്ങൾക്കും ചെള്ള് പോലുള്ള പരാദങ്ങൾ പെരുകുന്നതിനും കാരണമാകുന്നു. എന്നാൽ കൃത്യമായ പരിചരണത്തിലൂടെ ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും. മഴക്കാലത്ത് നിങ്ങളുടെ ഓമനമൃഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ.
- ശരീരം ഉണക്കി സൂക്ഷിക്കുക
മഴ നനഞ്ഞാൽ വളർത്തുമൃഗങ്ങളുടെ ശരീരം പൂർണ്ണമായും ഉണക്കി ഈർപ്പരഹിതമാക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ച് കാൽപാദങ്ങൾ, ചെവി, വയർ തുടങ്ങിയ ഭാഗങ്ങൾ നന്നായി തുടച്ച് വൃത്തിയാക്കണം. ഈർപ്പം തങ്ങിനിൽക്കുന്നത് അണുബാധയ്ക്ക് കാരണമാകും. - കാൽപ്പാദങ്ങളുടെ സംരക്ഷണം
പുറത്തുപോയി വരുമ്പോൾ കാൽപ്പാദങ്ങൾ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ഈർപ്പം തങ്ങിനിന്ന് അണുബാധ ഉണ്ടാകാതിരിക്കാൻ രോമങ്ങൾ വെട്ടിയൊതുക്കുന്നതും നല്ലതാണ്. മൃഗങ്ങൾ തുടർച്ചയായി കാൽപ്പാദങ്ങൾ നക്കുകയോ ചുവന്ന പാടുകൾ കാണുകയോ ചെയ്താൽ ശ്രദ്ധിക്കണം. - പുറത്ത് പോകുമ്പോൾ ശ്രദ്ധിക്കുക
മഴക്കാലത്ത് വളർത്തുമൃഗങ്ങളെ പുല്ലും ചെളിയും നിറഞ്ഞ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കുക. ഇത്തരം സ്ഥലങ്ങൾ ചെള്ളുകൾ പെരുകാൻ സാധ്യത കൂട്ടുന്നു. അതിനാൽ പുറത്തിറക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണം. - ഭക്ഷണത്തിൽ മിതത്വം
മഴക്കാലത്ത് വ്യായാമം കുറവായതുകൊണ്ട് മൃഗങ്ങൾക്ക് അമിതമായി ഭക്ഷണം നൽകരുത്. ഇത് പൊണ്ണത്തടിക്ക് കാരണമാകും. മിതമായ അളവിൽ ഭക്ഷണവും ആവശ്യത്തിന് ശുദ്ധമായ വെള്ളവും നൽകാൻ ശ്രദ്ധിക്കുക. - വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
വളർത്തുമൃഗങ്ങളെ ഇടയ്ക്കിടെ കുളിപ്പിച്ച് വൃത്തിയാക്കുന്നതിനൊപ്പം അവയുടെ കിടക്കയും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഇത് ചെള്ള് ശല്യം ഒഴിവാക്കാൻ സഹായിക്കും.