
ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരായ അമേരിക്കൻ താരിഫ് യുദ്ധം ശക്തമായ സാഹചര്യത്തിൽ, വെല്ലുവിളി ഏറ്റെടുത്ത് നിലപാട് കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കർഷകരുടെയും ക്ഷീരകർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപര്യങ്ങൾ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് അദ്ദേഹം അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. ഇതിനായി വ്യക്തിപരമായി വലിയ വില നൽകേണ്ടി വന്നാലും താൻ അതിന് തയ്യാറാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% വരെ തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ ശക്തമായ പ്രതികരണം.
എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ ഡൽഹിയിൽ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. വികാരനിർഭരമായ പ്രസംഗത്തിൽ, ട്രംപിന്റെ ഭീഷണികൾക്ക് മുന്നിൽ ഇന്ത്യ മുട്ടുമടക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് അദ്ദേഹം നൽകിയത്. “കർഷകരുടെ താൽപര്യമാണ് ഞങ്ങളുടെ പ്രധാന മുൻഗണന. ഇന്ത്യ ഒരിക്കലും കർഷകരുടെയും ക്ഷീരകർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വ്യക്തിപരമായി ഞാൻ വലിയ വില നൽകേണ്ടിവരുമെന്ന് എനിക്കറിയാം. പക്ഷേ ഞാൻ അതിന് തയ്യാറാണ്. രാജ്യത്തെ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും വേണ്ടി ഇന്ത്യയും നിലകൊള്ളും,” ട്രംപിന്റെ പേരെടുത്ത് പറയാതെ മോദി പറഞ്ഞു.
ട്രംപിന്റെ ഏകപക്ഷീയമായ തീരുമാനത്തിന് മറുപടിയായി അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയും തീരുവ ഉയർത്തുന്നത് സജീവമായി പരിഗണിക്കുന്നുണ്ട്. എന്നാൽ, പെട്ടെന്നുള്ള ഒരു തിരിച്ചടിക്ക് കേന്ദ്ര സർക്കാർ മുതിർന്നേക്കില്ല. പകരം, സംയമനത്തോടെയും നയതന്ത്രപരമായും കാര്യങ്ങൾ നീക്കാനാണ് തീരുമാനം. പുതിയ സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി മുതിർന്ന മന്ത്രിമാരുമായി ഇന്ന് നിർണായക ചർച്ച നടത്തും. ഈ യോഗത്തിന് ശേഷമായിരിക്കും ഇന്ത്യയുടെ തുടർനടപടികൾ സംബന്ധിച്ച് വ്യക്തത വരിക.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ ഉടൻ നിർത്തലാക്കില്ലെന്ന സൂചനയും സർക്കാർ വൃത്തങ്ങൾ നൽകുന്നു. അതേസമയം, അമേരിക്കയുമായുള്ള വ്യാപാര കരാറിൽ കൂടുതൽ ഉൽപ്പന്നങ്ങൾക്ക് ഇളവുകൾ നൽകുന്ന കാര്യവും പരിഗണനയിലുണ്ട്. മുൻപ് ഇന്ത്യയ്ക്ക് 25% തീരുവ പ്രഖ്യാപിച്ചപ്പോൾ പ്രധാനമന്ത്രി മോദി ട്രംപുമായി നേരിട്ട് സംസാരിക്കാൻ തയ്യാറായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഈ നിലപാടിൽ ഉറച്ചുനിന്നുകൊണ്ട്, സമ്മർദ്ദ തന്ത്രങ്ങൾക്ക് വഴങ്ങില്ലെന്ന സന്ദേശമാണ് ഇന്ത്യ നൽകുന്നത്.