
കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടി ശ്വേതാ മേനോനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കേസ്. സാമ്പത്തിക നേട്ടത്തിനായി അശ്ലീല ചലച്ചിത്രങ്ങളിലും പരസ്യങ്ങളിലും അഭിനയിച്ചു എന്ന പരാതിയിൽ എറണാകുളം സെൻട്രൽ പോലീസാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയുടെ നിർദേശപ്രകാരമാണ് നടപടി. താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുന്നതിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ കേസ് ഉയർന്നുവന്നത്.
പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയാണ് ശ്വേതാ മേനോനെതിരെ പരാതിയുമായി രംഗത്തെത്തിയത്. നടിയുടെ ശ്രദ്ധേയമായ സിനിമകളായ ‘രതിനിർവേദം’, ‘പാലേരി മാണിക്യം: ഒരു പാതിരാക്കൊലപാതകത്തിൻ്റെ കഥ’, ‘കളിമണ്ണ്’ എന്നിവയിലെയും ഒരു ഗർഭനിരോധന ഉറയുടെ പരസ്യത്തിലെയും ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയയിലും പ്രചരിപ്പിച്ച് പണമുണ്ടാക്കുന്നു എന്നാണ് പരാതിയുടെ കാതൽ.
തുടക്കത്തിൽ മാർട്ടിൻ മേനാച്ചേരി നൽകിയ പരാതിയിൽ പോലീസ് കേസെടുക്കാൻ വിസമ്മതിച്ചിരുന്നു. തുടർന്നാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. പരാതി പരിശോധിച്ച കോടതി, കേസ് രജിസ്റ്റർ ചെയ്യാൻ പോലീസിന് നിർദ്ദേശം നൽകുകയായിരുന്നു. ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ സെക്ഷൻ 67(എ) (അശ്ലീലകരമായ കാര്യങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത്), സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തടയുന്ന നിയമം, ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ട് എന്നിവയിലെ വകുപ്പുകൾ ചുമത്തിയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.