
പ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് ഭേദിച്ച് സർവകാല ഉയരത്തിലെത്തി. ഒരു പവൻ സ്വർണത്തിന് 1,240 രൂപ വർധിച്ച് 75,640 രൂപയായി. ഇതോടെ, സ്വർണവില ചരിത്രത്തിലാദ്യമായി 75,500 എന്ന നാഴികക്കല്ല് പിന്നിട്ടു. ഒരു ഗ്രാം സ്വർണത്തിന് 155 രൂപ കൂടി 9,455 രൂപയായി.
കഴിഞ്ഞ അഞ്ചുദിവസം കൊണ്ട് മാത്രം പവന് 1,800 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 600 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 74,960 രൂപയിൽ എത്തിയിരുന്നു. ജൂലൈ 23-നാണ് സ്വർണവില ആദ്യമായി 75,000 രൂപ കടന്നത്. ആഗോള വിപണിയിലെ വിലക്കയറ്റവും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തിലെ വ്യതിയാനങ്ങളുമാണ് സ്വർണവില കുതിച്ചുയരാൻ പ്രധാന കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ആവശ്യക്കാർ ഏറിയതും വിലയെ സ്വാധീനിക്കുന്നുണ്ട്.