
തൃശ്ശൂരിലെ പാലിയേക്കര ടോൾ പ്ലാസയിൽ നാലാഴ്ചത്തേക്ക് ടോൾ പിരിവ് മരവിപ്പിക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ യാത്രാദുരിതം രൂക്ഷമായ സാഹചര്യത്തിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഈ നിർണായക ഇടപെടൽ. പാലിയേക്കരയിലെ ടോൾ പിരിവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
സഞ്ചാരയോഗ്യമല്ലാത്ത റോഡിലൂടെ യാത്ര ചെയ്യുന്നവരിൽ നിന്ന് എന്തിനാണ് ടോൾ പിരിക്കുന്നതെന്ന് കോടതി ആവർത്തിച്ച് ചോദിച്ചു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിലും യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിലും ദേശീയപാത അതോറിറ്റി (NHAI) പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. നിരന്തരമായ ഗതാഗതക്കുരുക്കും റോഡിന്റെ തകർച്ചയും ചൂണ്ടിക്കാണിച്ചാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തിലാണ് ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടത്.