ഥാർ ഉപയോഗിച്ച് എടിഎം മെഷീൻ കെട്ടിവലിച്ചു; കയർ പൊട്ടി, മോഷണ ശ്രമം പാളി

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മഹീന്ദ്ര ഥാർ ഉപയോഗിച്ച് എടിഎം മെഷീൻ മോഷ്ടിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഷാനൂർവാടി ദർഗ പ്രദേശത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടറിലാണ് തിങ്കളാഴ്ച പുലർച്ചെ മോഷണശ്രമം നടന്നത്.

മൂന്നാല് പേരടങ്ങുന്ന മോഷ്ടാക്കൾ എടിഎം മെഷീനിൽ കയർ കെട്ടി ഥാറുമായി ബന്ധിപ്പിച്ച് വലിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, വാഹനം വേഗത്തിൽ മുന്നോട്ടെടുത്തപ്പോൾ കയർ പൊട്ടിപ്പോവുകയും പദ്ധതി പാളുകയുമായിരുന്നു. ഇതോടെ മോഷ്ടാക്കൾ ശ്രമം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

രക്ഷപ്പെടുന്നതിന് മുൻപ് ഇവർ എടിഎം ബൂത്തിനുള്ളിലെ സിസിടിവി ക്യാമറകൾ നശിപ്പിക്കുകയും സ്ക്രൂഡ്രൈവർ ഉപയോഗിച്ച് മെഷീൻ തുറക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ, കെട്ടിടത്തിന് പുറത്തുണ്ടായിരുന്ന ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. പിറ്റേദിവസം രാവിലെ ബാങ്ക് മാനേജർ വിവരമറിഞ്ഞ് പോലീസിൽ പരാതി നൽകി.

പരാതിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ, തിരിച്ചറിയാത്ത നാല് പേർക്കെതിരെ മോഷണം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്നും സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading