
കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിർമാതാവ് സാന്ദ്രാ തോമസ് സമർപ്പിച്ച നാമനിർദ്ദേശ പത്രിക തള്ളി. പ്രസിഡന്റ്, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു സാന്ദ്ര പത്രിക നൽകിയത്. യോഗ്യതയായി സമർപ്പിച്ച സിനിമകളുടെ എണ്ണത്തിൽ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്. ഇതിനെച്ചൊല്ലി സാന്ദ്രയും വരണാധികാരിയും നിർമാതാവ് സുരേഷ് കുമാറും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി.
നിയമാവലി പ്രകാരം സ്വതന്ത്രമായി മൂന്ന് സിനിമകൾ നിർമിച്ചതിന്റെ സെൻസർ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നിരിക്കെ, സാന്ദ്ര തോമസ് രണ്ട് സിനിമകളുടെ സർട്ടിഫിക്കറ്റ് മാത്രമാണ് സ്വന്തം ബാനറിൽ സമർപ്പിച്ചത്. മൂന്നാമതായി നൽകിയത് ഫ്രൈഡേ ഫിലിംസിന്റെ ബാനറിലുള്ളതായതിനാൽ യോഗ്യതയായി പരിഗണിക്കാനാവില്ലെന്ന് വരണാധികാരി നിലപാടെടുത്തു. എന്നാൽ, താൻ ഒമ്പത് സിനിമകൾ നിർമിച്ചിട്ടുണ്ടെന്നും പത്രിക തള്ളാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും സാന്ദ്രാ തോമസ് ആരോപിച്ചു. വിഷയത്തിൽ കോടതിയെ സമീപിക്കുമെന്ന് അവർ വ്യക്തമാക്കി.