
ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒക്ടോബറിൽ കേരളത്തിലേക്ക് വരില്ലെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ സ്ഥിരീകരിച്ചു. മെസിയെയും അർജന്റീന ദേശീയ ടീമിനെയും ഒക്ടോബറിൽ കേരളത്തിൽ എത്തിക്കാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ, ആ സമയത്ത് എത്താൻ കഴിയില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതോടെയാണ് സന്ദർശനം റദ്ദാക്കിയത്. സ്പോൺസർമാർക്ക് ഒക്ടോബറിൽ മാത്രമേ ടീമിനെ എത്തിക്കാൻ കഴിയൂ എന്നും വ്യക്തമാക്കിയതോടെ മെസിയുടെ കേരള സന്ദർശനം നടക്കില്ലെന്ന് ഉറപ്പായി. അർജന്റീന ടീമിന്റെ സന്ദർശനത്തിനായി കരാറിന്റെ ആദ്യ ഗഡു സർക്കാർ നൽകിയിരുന്നു.
അതേസമയം, മെസി ഡിസംബറിൽ ഇന്ത്യയിലെത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഫുട്ബോൾ വർക്ക്ഷോപ്പുകളുടെ ഭാഗമായി അദ്ദേഹം മുംബൈ, കൊൽക്കത്ത, ഡൽഹി എന്നീ നഗരങ്ങൾ സന്ദർശിച്ചേക്കും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഒരു ക്രിക്കറ്റ് മത്സരത്തിൽ മെസി അതിഥിയായി പങ്കെടുത്തേക്കുമെന്നും സൂചനകളുണ്ട്. സച്ചിൻ ടെണ്ടുൽക്കർ, എം.എസ്. ധോണി, വിരാട് കോലി, രോഹിത് ശർമ തുടങ്ങിയ ക്രിക്കറ്റ് താരങ്ങൾ ഈ മത്സരത്തിൽ പങ്കെടുത്തേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇതാദ്യമായല്ല മെസി ഇന്ത്യ സന്ദർശിക്കുന്നത്. 2011-ൽ അർജന്റീന ദേശീയ ടീമിനൊപ്പം കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലയ്ക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം മെസി വീണ്ടും ഇന്ത്യൻ മണ്ണിലെത്തുന്നത് ആരാധകർക്ക് വലിയ ആവേശമാകും.