
കൊച്ചി: കളമശ്ശേരിയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ ബൈക്ക് യാത്രികനായ സ്വിഗ്ഗി ഡെലിവറി ജീവനക്കാരന് ദാരുണാന്ത്യം. കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ സലാം (41) ആണ് മരിച്ചത്. സൗത്ത് കളമശ്ശേരി മേൽപ്പാലത്തിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുകയായിരുന്ന സ്വകാര്യ ബസ്, അബ്ദുൾ സലാം സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ സലാമിന്റെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി. സംഭവസ്ഥലത്തുവെച്ചുതന്നെ അദ്ദേഹം മരിച്ചു. ബസുകൾ അമിതവേഗതയിൽ മത്സരയോട്ടം നടത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കളമശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.